ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

  • 15/08/2022

ദില്ലി: 76ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. രാജ്യത്തിന് ഇന്ന് ഐതിഹാസിക ദിനമാണ്. പുതിയ ദിശയിലേക്ക് നീങ്ങാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിച്ച പ്രധാനമന്ത്രി എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം മീ17 ഹെലിക്കോപ്റ്ററുകള്‍ ആകാശത്ത് നിന്ന് പുഷ്പ വൃഷ്ടി നടത്തി.7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. കോവിഡ് മുന്നണി പോരാളികളും, മോര്‍ച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉള്‍പ്പെടുന്നു. സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്തുള്‍പ്പെടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഡല്‍ഹിയില്‍ മാത്രം 10,000 ത്തിലധികം പൊലീസുകാരെ വിന്യസിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്യാമറകള്‍ നിരീക്ഷണത്തിന് സ്ഥാപിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.അതേസമയം രാഷ്ട്രപതി ദ്രൗപദി മുര്‍മുവും എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.


Related News