സര്‍ക്കാര്‍ ജീവനക്കാര്‍ ഹലോയ്ക്ക് പകരം വന്ദേമാതരം പറയണമെന്ന് മഹാരാഷ്ട്ര മന്ത്രി

  • 15/08/2022

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ കോളുകള്‍ സ്വീകരിക്കുമ്പോള്‍ 'ഹലോ'യ്ക്ക് പകരം 'വന്ദേമാതരം' പറയണമെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രി സുധീര്‍ മുന്‍ഗന്ദിവാര്‍. അടുത്ത റിപ്പബ്ലിക് ദിനം വരെ ഇത് തുടരണമെന്നും ഇത് സംബന്ധിച്ച് ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

ഏക്നാഥ് ഷിന്ദേ മന്ത്രിസഭയില്‍ അധികാരം ഏറ്റെടുത്തതിന് പിന്നാലെയാണ് മുന്‍ഗന്ദിവാറിന്റെ പ്രഖ്യാപനം.'നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ 76-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം നമ്മള്‍ ആഘോഷിക്കുകയാണ്. അതിനാല്‍ 'ഹലോ' എന്നതിന് പകരം ഫോണിലൂടെ 'വന്ദേമാതരം' എന്ന് പറയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു', സുധീര്‍ മുന്‍ഗന്ദിവാറിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.അടുത്ത വര്‍ഷം ജനുവരി 26 വരെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഫോണ്‍ കോളുകള്‍ സ്വീകരിക്കുമ്പോള്‍ 'വന്ദേമാതരം' പറയണമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 18നകം ഇതു സംബന്ധിച്ച ഔദ്യോഗിക സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News