ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ അടിപിടി; പകവീട്ടാൻ കാത്തിരുന്നത് 6 മാസം, ജയിൽ മോചിതനായതിന് പിന്നാലെ യുവാവിനെ വെട്ടിക്കൊന്നു

  • 18/08/2022

ചെന്നൈ: ജയിൽ മോചിതനായതിന് പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് മയിലാടുംതുറയിൽ ഗുണ്ടാനിയമപ്രകാരം റിമാൻഡിലായിരുന്ന യുവാവിനെയാണ് ജയിലില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ കൊലപ്പെടുത്തിയത്. വണ്ണിയർ സംഘം നേതാവുകൂടിയായ കണ്ണനാണ് കൊല്ലപ്പെട്ടത്. 

ഗുണ്ടാസംഘങ്ങളുടെ മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മയിലാടുംതുറ കോത തെരുവ് സ്വദേശിയായ കണ്ണനും തൊട്ടടുത്ത കലൈനാർ കോളനി സ്വദേശി കതിരവനും തമ്മിൽ ഏറെ നാളായി നിലനിന്നിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. 

ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ അടിപിടി ഉണ്ടായിരുന്നു. തുടര്‍ന്ന് കതിരവന്‍റെ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗുണ്ടാ നിയമപ്രകാരം കണ്ണനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പാണ് കണ്ണൻ ജയിൽമോചിതനായത്. 

കണ്ണനോട് പകവീട്ടാൻ കതിരവൻ തക്കം പാർത്തിരിക്കുന്നതിനിടെയാണ് ജയില്‍ മോചനം. ഇന്നലെ രാത്രി കണ്ണനും സുഹൃത്തുക്കളും മയിലാടുതുറ പുതിയ ബസ്റ്റാൻഡിലെ മുറുക്കാൻ കടയിൽ നിന്ന് പാൻ വാങ്ങി മടങ്ങുമ്പോൾ പതിയിരുന്ന കതിരവന്‍റെ സംഘം ആക്രമിക്കുകയായിരുന്നു. മുഖത്തും നെഞ്ചിനും വെട്ടി ഇയാളെ കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന രഞ്ജിത്, ദിവാക‍ർ എന്നിവ‍ർ ഓടി രക്ഷപ്പെട്ടു. സംഘത്തിൽ 12 പേരുണ്ടെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് കണ്ടെത്തി.

 പ്രതികൾക്കായി മയിലാടുതുറ പൊലീസ് തെരച്ചിൽ തുടരുകയാണ്. കൊല നടക്കുന്ന സമയത്ത് കണ്ണനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ദിവാകറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാല്‍ മയിലാടുതുറ നഗരത്തിൽ പോലീസിനെ വിന്ന്യസിച്ചിട്ടുണ്ട്.

Related News