മങ്കി പോക്‌സ് പരിശോധനയ്ക്ക് ആർ ടി പി സി ആർ കിറ്റ് പുറത്തിറക്കി ഇന്ത്യൻ കമ്പനി

  • 20/08/2022




ദില്ലി: മങ്കി പോക്‌സ് പരിശോധനയ്ക്ക് ആർ ടി പി സി ആർ കിറ്റ് പുറത്തിറക്കി ഇന്ത്യൻ കമ്പനി. ആന്ധ്ര പ്രദേശ് മെഡ് ടെക് സോണ് ആണ് കിറ്റ് പുറത്തിറക്കിയത്. ട്രാൻസാഷിയാ ബയോ മെഡിക്കൽസ് ആണ് കിറ്റ് വികസിപ്പിച്ചത്.

തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ പരിശോധന കിറ്റാണ് ഇത്. 'ട്രാൻസാഷിയ ഏർബ മങ്കിപോക്സ് ആർ ടി പി സി ആർ കിറ്റ്' എന്നാണ് കിറ്റിന്റെ പേര്. 

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് വൈറസ് പിന്നീട് ലോകരാജ്യങ്ങളിലേക്കെല്ലാം വ്യാപകമായി പടരുകയായിരുന്നു. 1970കളില്‍ തന്നെ കണ്ടെത്തപ്പെട്ട വൈറസ് ഇതിന് മുമ്പും പലപ്പോഴായി വ്യാപകമായിട്ടുണ്ട്. എന്നാല്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ വിട്ട് ഇത്രമാത്രം പടര്‍ന്ന സാഹചര്യം മുമ്പുണ്ടായിട്ടില്ല. 

കുരങ്ങുപനി, കുരങ്ങ് വസൂരി എന്നെല്ലാം അറിയപ്പെടുന്ന മങ്കിപോക്സ് കുരങ്ങുകളില്‍ നിന്ന് മാത്രമല്ല, കാട്ടില്‍ വസിക്കുന്ന എലികള്‍- അണ്ണാൻ എന്നിങ്ങനെയുള്ള ജീവികളില്‍ നിന്നെല്ലാം മനുഷ്യരിലേക്ക് എത്താറുണ്ട്. ഇവ പിന്നീട് മനുഷ്യനില്‍- നിന്ന് മനുഷ്യനിലേക്ക് എന്ന നിലയില്‍ പകരുകയാണ് ചെയ്യുന്നത്. 

നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന ചിക്കൻപോക്സ് രോഗവുമായി പല സാമ്യതകളും മങ്കിപോക്സിനുണ്ട്. പ്രത്യേകിച്ച് ദേഹം മുഴുവൻ കുമിളകള്‍ പൊങ്ങുന്ന രോഗലക്ഷണം. എന്നാല്‍ അത്ര നിസാരമല്ല, ഈ രോഗം കടന്നുകിട്ടാൻ എന്നാണ് അനുഭവസ്ഥര്‍ പങ്കുവയ്ക്കുന്ന വിവരം. ഏറ്റവുമധികം മങ്കിപോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള യുകെയില്‍ നിന്നാണ് മങ്കിപോക്സ് അനുഭവങ്ങള്‍ രോഗികള്‍ പങ്കുവച്ചിട്ടുള്ളത്. 

Related News