സിസോദിയക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് സി.ബി.ഐ

  • 21/08/2022

ന്യൂഡല്‍ഹി: മദ്യവില്‍പ്പന സ്വകാര്യമേഖലയ്ക്ക് കൈമാറിയ ഡല്‍ഹി സര്‍ക്കാരിന്റെ എക്സൈസ് നയത്തില്‍ ക്രമക്കേടാരോപിച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിലടക്കം റെയ്ഡ് നടത്തിയതന് പിന്നാലെ സിസോദിയക്കെതിരേ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് സി.ബി.ഐ. മനീഷ് സിസോദിയ അടക്കം എഫ്.ഐ.ആറില്‍ പേരുള്ള എല്ലാ പ്രതികള്‍ക്കുമെതിരേയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. 

പ്രതികള്‍ രാജ്യം വിടാതിരിക്കാനാണ് സി.ബി.ഐയുടെ നടപടി.ഡല്‍ഹി സര്‍ക്കാരിന്റെ എക്സൈസ് നയത്തില്‍ ക്രമക്കേടാരോപിച്ച് ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമനായ മനീഷ് സിസോദിയയുടെ വീട്ടിലടക്കം 30 സ്ഥലങ്ങളില്‍ സി.ബി.ഐ. റെയ്ഡ് നടത്തിയിരുന്നു. എക്സൈസ്മന്ത്രികൂടിയായ സിസോദിയയുടെ വീടിനുപുറമേ മുന്‍ എക്സൈസ് കമ്മിഷണറുടെയും ഉദ്യോഗസ്ഥരുടെയുമടക്കം സ്ഥലങ്ങളിലായി ഏഴുസംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടന്നിരുന്നു.സിസോദിയയെ ഒന്നാം പേരുകാരനാക്കി 15 പേരെ പ്രതിചേര്‍ത്ത് സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തിരുന്നു. 'ഒണ്‍ലി മച്ച് ലൗഡര്‍' എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മുന്‍ സി.ഇ.ഒ. വിജയ് നായര്‍ (മുംബൈ), തെലങ്കാന സ്വദേശി അരുണ്‍ രാമചന്ദ്രപിള്ള എന്നീ മലയാളികളുടെ പേരും ഇതിലുള്‍പ്പെടുന്നു. സിസോദിയയുടെ സഹായിയുടെ കമ്പനിക്ക് മദ്യവ്യാപാരി ഒരുകോടി രൂപ നല്‍കിയെന്നാണ് സി.ബി.ഐ. എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്. വിജയ് നായര്‍, മനോജ് റായ്, അമന്‍ദീപ് ധാല്‍, സമീര്‍ മഹേന്ദ്രു എന്നിവര്‍ക്ക് മദ്യനയത്തിന്റെ രൂപവത്കരണത്തിലും നടപ്പാക്കലിലും പങ്കുണ്ടെന്ന് എഫ്.ഐ.ആറില്‍ ആരോപിക്കുന്നു. മുന്‍ എക്സൈസ് കമ്മിഷണര്‍ ആരവ ഗോപി കൃഷ്ണന്‍, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ആനന്ദ് കുമാര്‍ തിവാരി, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ പങ്കജ് എന്നിവരുടെയും ചില ബിസിനസുകാരുടെയും പേര് പ്രതിപ്പട്ടികയിലുണ്ട്.

Related News