ചൈനീസ് ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ദില്ലിയിൽ വ്യാപക അറസ്റ്റ്

  • 21/08/2022



ദില്ലി : ചൈനീസ് ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ദില്ലിയിൽ വ്യാപക അറസ്റ്റ്. 22 പേരെ അറസ്റ്റ് ചെയ്ത ദില്ലി പൊലീസ് ഇവരിൽ നിന്നും നാല് ലക്ഷം രൂപയും പടികൂടി. കർണാടക, മഹാരാഷ്ട്ര,യു പി എന്നിവിടങ്ങിൽ നടത്തിയ റെയിഡിന് പിന്നാലെയാണ് ദില്ലിയിലും പരിശോധനയും അറസ്റ്റും ഉണ്ടായത്. 

100-ലധികം ലോൺ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് ഈ സംഘം തട്ടിപ്പ് നടത്തിയിരുന്നത്. അതിവേഗ വായ്പ ആപ്പുകളിലൂടെ ഇന്ത്യയില്‍നിന്ന് 500 കോടി രൂപ ചൈനയിലേക്ക് കടത്തിയതായും ദില്ലി പോലീസിലെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപറേഷന്‍സ് വിഭാഗം കണ്ടെത്തി. ആപ്പുകളിലൂടെ പണം തട്ടുന്ന ചൈനക്കാര്‍ക്കുവേണ്ടി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നവരാണ് അറസ്റ്റിലായത്.

ആപ്പ് വഴി ലോൺ സ്വീകരിച്ച് കഴിഞ്ഞാൽ, ഉപഭോക്താവിന്റെ പേഴ്സണൽ വിവരങ്ങളും തട്ടിപ്പ് റാക്കറ്റിന് ലഭിക്കും. ഇത്തരത്തിൽ മൊബൈൽ ഫോണുകളിലെ സ്വകാര്യവിവരങ്ങളും സംഘങ്ങൾ കൈക്കലാക്കും. പിന്നീട് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കൂടുതൽ പണം തട്ടിക്കുകയുമായിരുന്നു സംഘത്തിന്റെ രീതി. ചൈനയിലും ഹോങ്കോങ്ങിലുമുള്ള സെർവറുകളിലേക്കാണ് ഇത്തരത്തിൽ ശേഖരിച്ച വിവരങ്ങൾ അപ്‌ലോഡ് ചെയ്‌തിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. 

ഇന്‍സ്റ്റന്റ് ലോണിന്റെ പേരില്‍ അമിത പലിശ ഈടാക്കുന്നതായും ലോണ്‍ തിരിച്ചടച്ചതിനുശേഷവും മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തിപ്പെടുത്തി പണം തട്ടുന്നതായും കാണിച്ച്‌ നൂറുകണക്കിന് പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും ദില്ലി പൊലീസ് അറിയിച്ചു. 

Related News