ഗേറ്റ് തുറക്കാന്‍ വൈകിയെന്നാരോപിച്ച് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചു; യുവതി അറസ്റ്റില്‍

  • 21/08/2022

ദില്ലി: സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ഗേറ്റ് തുറക്കാന്‍ വൈകി എന്നാരോപിച്ചാണ് യുവതിയുടെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചത്. ഭവ്യ റായി എന്ന യുവതിയാണ് അറസ്റ്റിലായത്. ഭവ്യ റായിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സെക്ടര്‍ 126 പോലീസ് സ്‌റ്റേഷന് കീഴിലുള്ള ജെയ്‌പെ ഗ്രൂപ്പ് സൊസൈറ്റിയിലായിരുന്നു സംഭവം ഉണ്ടായത്. ഗേറ്റ് തുറക്കാന്‍ വൈകിയതാണ് പ്രകോപനത്തിന് കാരണം. സ്ത്രീകളെ ബഹുമാനിക്കാന്‍ ശീലിക്കണമെന്ന് യുവതി സെക്യൂരിറ്റി  ജീവനക്കാരനോട് ആക്രോശിച്ചു. യൂണിഫോമില്‍ പിടിച്ച് വലിച്ച് കൊണ്ടുപോകുന്ന യുവതി സെക്യൂരിറ്റിയുടെ മുഖത്ത് അടിക്കുന്നുമുണ്ട്. 

ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിന്റെ  ശ്രദ്ധയിൽ സംഭവം വരികയും, യുവതിക്കെതിരെ കർശന നടപടിയെടുക്കാൻ നോയിഡ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ അനൂപ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ യുവതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. 

Related News