താല്‍ക്കാലിക ഭരണസമിതി പിരിച്ചുവിട്ടി; ഫിഫയുടെ വിലക്ക് മാറുമെന്ന പ്രതീക്ഷയില്‍ സുപ്രീം കോടതി

  • 22/08/2022

ദില്ലി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫ ഏര്‍പ്പെടുത്തിയ വിലക്ക് വരും ദിവസങ്ങളില്‍ മാറിയേക്കുമെന്ന് സൂചന. ഫുട്ബോള്‍ ഫെഡറേഷന്റെ താത്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി സുപ്രിംകോടതി പിരിച്ച് വിട്ടതിനെ തുടര്‍ന്നാണ് വിലക്ക് മാറിയേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫെഡറേഷന്റെ ദൈനംദിന ഭരണത്തിന്റെ ചുമതല ആക്ടിങ് സെക്രട്ടറി ജനറല്‍ സുനന്ദോ ധറിനു കൈമാറി സുപ്രിംകോടതി ഉത്തരവിറക്കി. ഫുട്ബോള്‍ ഫെഡറേഷന്റെ എക്സിക്യുട്ടീവ് കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയ സുപ്രിംകോടതി ഭരണത്തില്‍ മൂന്നാം കക്ഷി ഇടപെടുന്നത് വിലക്കുകയും ചെയ്തു.


എക്സിക്യൂട്ടീവ് കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ നേരത്തെ അനുവദിച്ചിരുന്ന സമയപരിധി ഓഗസ്റ്റ് 28 ആയിരുന്നു. ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. എക്സിക്യൂട്ടിവ് കൗണ്‍സിലില്‍ ആകെ 23 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ പതിനേഴ് അംഗങ്ങളെ തിരഞ്ഞെടുക്കണം. 6 സ്ഥാനങ്ങളിലേക്ക് പ്രധാനപ്പെട്ട താരങ്ങളെ നോമിനേറ്റ് ചെയ്യും. ഇതില്‍ നാല് പുരുഷന്മാരും രണ്ട് വനിതകളും വേണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കാനിരുന്ന അണ്ടര്‍ 17 ഫിഫ ലോകകപ്പ് നഷ്ടമാവാതിരിക്കാനാണ് കോടതിയുടെ ശ്രമം.

Related News