രണ്ട് എയർലൈനുകളിലേക്ക് പുതിയ വിമാനങ്ങൾ കൂടി: അവധിക്കാലത്തിന് മുന്നോടിയായി തയ്യാറെടുപ്പുകൾ നടത്തി എയർ ഇന്ത്യ

  • 23/08/2022



ദില്ലി: അവധിക്കാലത്തിന് മുന്നോടിയായി തയ്യാറെടുപ്പുകൾ നടത്തി എയർ ഇന്ത്യ. അവധിക്കാല യാത്രക്കാരെ നിരാശരാക്കാതെ പറക്കാനുള്ള ശേഷി വർദ്ധിപ്പിക്കുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ രണ്ട് എയർലൈനുകളിലേക്ക് പുതിയ വിമാനങ്ങൾ കൂടി ചേർക്കാനുള്ള തീരുമാനത്തിലാണ് ടാറ്റ ഗ്രൂപ്പ്. 2023 ന്റെ ആദ്യ പാദത്തോടെ ആറ് ബോയിംഗ് 777-2000 വിമാനങ്ങളും 25 എയർബസ് എ 320 നിയോ വിമാനങ്ങളും പാട്ടത്തിന് വാങ്ങാൻ കമ്പനി പദ്ധതിയിടുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 200 നാരോബോഡി, വൈഡ് ബോഡി ജെറ്റുകൾക്ക് ഓർഡർ നൽകാനുള്ള അവസാന ഘട്ടത്തിലാണ് ടാറ്റ ഗ്രൂപ്പ്. എന്നാൽ 2024 അവസാനത്തോടെ മാത്രമേ ഇവയുടെ വിതരണം ആരംഭിക്കൂ. ഹ്രസ്വകാല ആവശ്യം നിറവേറ്റുന്നതിനായി, ബോയിംഗ് 7777-2000, എയർബസ് എ320 നിയോ എന്നിവ പാട്ടത്തിന് എടുക്കാൻ കമ്പനി തീരുമാനിച്ചതായായാണ് റിപ്പോർട്ട്. യുഎസിലെ ഡെൽറ്റ എയർലൈൻസിൽ നിന്ന് ബോയിംഗ് 777 വിമാനം പാട്ടത്തിനെടുക്കും. 

കൂടാതെ അവധിക്കാലത്ത് ഏറ്റവും ലാഭകരമായ റൂട്ടുകളിലൊന്നായതിനാൽ ഇന്ത്യ-യുഎസ് റൂട്ടിലെ ഫ്ലൈറ്റുകൾ വർദ്ധിപ്പിക്കാൻ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നു. ബോയിംഗ് 777 വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും ഇന്ത്യ അമേരിക്കൻ റൂട്ടിലെ സർവീസുകൾ ടാറ്റ വർദ്ധിപ്പിക്കുക. ദക്ഷിണേന്ത്യൻ നഗരങ്ങളായ ഹൈദരാബാദ്, ബെംഗളൂരു എന്നിവയെ യുഎസ് വെസ്റ്റ് കോസ്റ്റിലേക്കും കാനഡയിലേക്കും ബന്ധിപ്പിക്കാൻ ഈ കൂട്ടിച്ചേർക്കൽ കമ്പനിയെ അനുവദിക്കും. 

എയർബസ് എ320 നിയോ സെക്കൻഡറി വിപണിയിൽ നിന്ന് പാട്ടത്തിനെടുക്കും. 2023-ഓടെ ഇത് എയർ ഇന്ത്യയുടെ ലിസ്റ്റിലേക്ക് ചേരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് പ്രാഥമികമായി ഉപയോഗിക്കുക ആഭ്യന്തര റൂട്ടുകളിൽ ആയിരിക്കും. 

എയർ ഇന്ത്യ എക്‌സ്‌പ്രസ്, സഹോദര കമ്പനിയായ വിസ്താരയിൽ നിന്ന് അഞ്ച് ബോയിംഗ് 737 ജെറ്റുകൾ എടുത്ത് അതിന്റെ ശേഷി വിപുലീകരിക്കും. 2019ൽ ജെറ്റ് എയർവേസിൽ നിന്ന് വിസ്താര ഒമ്പത് 737 ജെറ്റുകൾ പാട്ടത്തിനെടുത്തിരുന്നു. ഇതിൽ നാലെണ്ണം തിരിച്ചയച്ചു, ബാക്കിയുള്ള അഞ്ചെണ്ണത്തിന്റെ പാട്ടക്കാലാവധി നീട്ടും.

Related News