ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി: മറ്റ് മതങ്ങളിൽപ്പെട്ടവരുടെ മൗലികാവകാശത്തെ ലംഘിക്കുന്നില്ലെന്ന് കർണാടക

  • 23/08/2022



ബെംഗലൂരു: ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി മറ്റ് മതങ്ങളിൽപ്പെട്ടവരുടെ മൗലികാവകാശത്തെ ലംഘിക്കുന്നില്ലെന്ന് കർണാടക ഹൈക്കോടതി. ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുന്നത് നിർത്താൻ പള്ളികളോട് ഉത്തരവിടാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

എന്നാൽ, ഉച്ചഭാഷിണിയുമായി ബന്ധപ്പെട്ട ‘ശബ്ദ മലിനീകരണ നിയമങ്ങൾ’ നടപ്പാക്കാനും പാലിക്കാനും. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും കോടതി സര്‍ക്കാറിനോട് നിർദേശിച്ചു. ബംഗളൂരു സ്വദേശിയായ മഞ്ജുനാഥ് എസ് ഹലാവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയില്‍ വാദം കേള്‍ക്കവെയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധേ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഈ കാര്യങ്ങള്‍ പറഞ്ഞത്. 

ബാങ്ക് വിളിക്കുന്നത് മുസ്ലീങ്ങളുടെ അനിവാര്യമായ ഒരു മതപരമായ ആചാരമാണ്, എന്നാല്‍ ഇതിന്‍റെ ഉള്ളടക്കം മറ്റ് മതരാഷ്ട്രങ്ങളിലെ വിശ്വാസികളുടെ മൌലിക അവകാശത്തെ ഹനിക്കുന്നു എന്നായിരുന്നു പൊതുതാല്‍പ്പര്യ ഹര്‍ജിയിലെ വാദം. 

ഇന്ത്യൻ സംസ്കാരത്തിന്‍റെ സവിശേഷതയായ സഹിഷ്ണുതയുടെ തത്വം ഉൾക്കൊള്ളുന്നതാണ് ഭരണഘടനയിലെ ആർട്ടിക്കിൾ 25, 26 എന്നിവ. ഭരണഘടനയുടെ ആർട്ടിക്കിൾ 25 (1) വ്യക്തികൾക്ക് സ്വന്തം മതം സ്വതന്ത്രമായി സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശങ്ങൾ നൽകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 

എന്നിരുന്നാലും, അവകാശം കേവലമല്ല, മറിച്ച് പൊതു ക്രമം, ധാർമ്മികത, ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മറ്റ് വ്യവസ്ഥകൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും കോടതി കൂട്ടിച്ചേർത്തു.

ബാങ്ക് വിളിയിലെ ഉള്ളടക്കം ഹർജിക്കാരനും മറ്റ് മതവിശ്വാസികൾക്കും അവര്‍ മതവിശ്വാസം പിന്തുടരാനുള്ള മൗലികാവകാശത്തെ ലംഘിക്കുന്നുവെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. 

Related News