ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍; ടൊമാറ്റോ സോസ് ഒഴിച്ച് ഫോട്ടോ അയച്ചു, ഭയന്ന കാമുകന്‍ ആത്മഹത്യ ചെയ്തു

  • 23/08/2022

ബെംഗലൂരു: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും അമ്മയുമുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. 26-കാരിയായ അനുപല്ലവിയും സംഘവുമാണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ പാളിയതോടെ ഭയന്ന കാമുകന്‍‌ ആത്മഹത്യ ചെയ്തു. 

യുവതിയും അമ്മയും ക്വട്ടേഷന്‍ ഏറ്റെടുത്ത മൂന്നംഗ സംഘവുമാണ് അറസ്റ്റിലായത്. കാമുകന്‍ ഹിമവന്ത് കുമാറുമായി ചേര്‍ന്നാണ് ഭര്‍ത്താവും ടാക്‌സി ഡ്രൈവറുമായ നവീന്‍ കുമാറിനെ കൊലപ്പെടുത്താന്‍ അനുപല്ലവി ക്വട്ടേഷന്‍ നല്‍കിയത്. രണ്ടു ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ ഉറപ്പിച്ചു. കൃത്യം നടത്താന്‍ മൂന്നംഗ സംഘത്തെ നിയോഗിക്കുകയും ചെയ്തു. 
ഇതിന്‍റെ ഭാഗമായി 90,000 രൂപ അഡ്വാന്‍സായി കൈപ്പറ്റിയ ക്വട്ടേഷന്‍ സംഘം നവീന്‍ കുമാറിനെ തട്ടിക്കൊണ്ട് പോയി. എന്നാല്‍ കൊലപ്പെടുത്തിയില്ല. നവീനുമായി സൗഹൃദത്തിലായ ക്വട്ടേഷന്‍ സംഘം ഇയാളുമായി തമിഴ്‌നാട്ടില്‍ പോയി ഒരുമിച്ച് പാര്‍ട്ടി നടത്തുകയും ചെയ്തു. 

തട്ടിക്കൊണ്ട് പോയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ക്വട്ടേഷന്‍ സംഘത്തിന്‍റെ വിവരം ലഭിക്കാതെ വന്നതോടെ യുവതി ഇവരെ ഫോണില്‍ വിളിച്ച് കാര്യം അന്വേഷിച്ചു. എന്നാല്‍ ഇതിന് മറുപടിയായി അനുപല്ലവിക്കും കാമുകനും ചോരയ്ക്ക് പകരം ടൊമാറ്റോ സോസ് ഒഴിച്ച് നവീനിന്‍റെ ചിത്രങ്ങള്‍ സംഘം അയച്ചുകൊടുത്തു. 

നവീന്‍ കൊല്ലപ്പെട്ടെന്ന് ഇരുവരും കരുതി. എന്നാല്‍ ഫോട്ടോ കണ്ട് പേടിച്ച  കാമുകന്‍ ഹിമവന്ത് കുമാര്‍  ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിനിടെ നവീന്‍ കുമാറിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരി ഓഗസ്റ്റ് രണ്ടിന് പോലീസില്‍ പരാതിയും നല്‍കി. ഓഗസ്റ്റ് ആറിന് നവീന്‍ തിരിച്ചെത്തിയാണ് നടന്ന കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞത്. 

അനുപല്ലവിയുടേയും കാമുകന്റേയും ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൃത്യത്തില്‍ അനുപല്ലവിയുടെ അമ്മ അമ്മോജമ്മയുടെ പങ്കും വ്യക്തമായത്.



ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
 

Related News