സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി, 15 തവണ വിളിച്ചു; ടെക്കി യുവതിയുടെ ആത്മഹത്യയില്‍ കാമുകനെതിരെ ഗുരുതര ആരോപണങ്ങള്‍

  • 24/08/2022

ഭുവനേശ്വര്‍: ഒഡീഷയില്‍ ടെക്കി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനെതിരെ ഗുരുതര ആരോപണങ്ങള്‍. ഭദ്രക് സ്വദേശി ശ്വേത ഉത്കല്‍ കുമാരിയുടെ മരണത്തിലാണ് കാമുകനായ സൗമ്യജിത് മൊഹപാത്രയ്‌ക്കെതിരേ കുടുംബം പരാതി നല്‍കിയത്. 

ശ്വേതയുടെ മരണത്തിന് മുമ്പ് 15 തവണയിലേറെ കാമുകനെ യുവതി വിളിച്ചിരുന്നു. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന് ഇയാൾ ശ്വേതയോട് പറഞ്ഞിരുന്നു. സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കിയതായും കുടുംബം ആരോപിക്കുന്നു. തുടര്‍ന്നാണ് ശ്വേത ജീവനൊടുക്കിയതെന്ന് ഇവര്‍ പറയുന്നു. 

സ്വകാര്യ ഐടി കമ്പനി ജീവനക്കാരിയായിരുന്ന ശ്വേതയെ ചന്ദ്രശേഖർപുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വാടക വീട്ടിൽ ഞായറാഴ്ച രാവിലെയോടെയാണ് തൂങ്ങി  മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന സുഹൃത്തുക്കള്‍ ഫ്‌ളാറ്റില്‍ ഇല്ലാതിരുന്ന സമയത്താണ് യുവതി ആത്മഹത്യ ചെയ്തത്. 

ഇതിനു പിന്നാലെയാണ് യുവതിയുടെ കാമുകനായ സൗമ്യജിത്തിനെതിരെ പരാതി ഉയര്‍ന്നത്. ഫ്‌ളാറ്റില്‍നിന്ന് ശ്വേതയുടെ മൊബൈല്‍ ഫോണും ഡയറിയും പോലീസ് കണ്ടെടുത്തിരുന്നു. ഇതില്‍നിന്നാണ് സൗമ്യജിത്തുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. ജീവനൊടുക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ശ്വേത കാമുകനെ 15 തവണ ഫോണില്‍ വിളിച്ചതായും കണ്ടെത്തി. എന്നാല്‍ ഇത്രയും തവണ വിളിച്ചിട്ടും കാമുകന്‍ ഫോണെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്. 

സാങ്കേതിക സഹായത്തോടെ ഫോൺ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. അതേസമയം യുവതിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. പ്രാഥമിക റിപ്പോർട്ടിൽ ശരീരത്തിൽ ആക്രമണത്തിന്റെയോ മറ്റ് പാടുകളോ  ബാഹ്യ ഇടപെടലുകളുടെ സൂചനയോ ഇല്ലെന്നാണ് വിവരം.  

Related News