പോക്സോ കേസില്‍ ഇരയെ പ്രതി വിവാഹം കഴിച്ചു; കേസ് അവസാനിപ്പിച്ച് കോടതി

  • 24/08/2022

പോക്സോ കേസിലെ ഇരയെ പ്രതി വിവാഹം കഴിച്ചതോടെ കേസ് അവസാനിപ്പിച്ച് കോടതി. കർണാടകയിലാണ് സംഭവം. പതിനേഴുകാരിയായ പെൺകുട്ടിയെ ഇരുപതുകാരനായ പ്രതി പീഡിപ്പിച്ചതാണ് കേസ്. 

ഇരയായ പെണ്‍കുട്ടിയുടെ അച്ഛനാണ് പരാതി നല്‍കിയത്. ഇതനുസരിച്ച് കേസെടുക്കുകയായിരുന്നു.  പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ വകുപ്പ് പ്രകാരമായിരുന്നു കേസ്. 2019 മാർച്ച് ആറിനാണ് കേസ് രജിസ്റ്റര്‍ ചെയ്തതും പ്രതിയെ പോലീസ് പിടികൂടിയതും. 

2020 നവംബർ ഒൻപതിന് 18 മാസത്തെ ജയിൽവാസത്തിന് ശേഷം പ്രതി ജാമ്യത്തിലിറങ്ങി. അന്നു തന്നെ ഇരയും പ്രതിയും നിയമപ്രകാരം വിവാഹിതരാകുകയായിരുന്നു. പിന്നീട് പെൺകുട്ടി തന്നെയാണ് ഇയാളുമായി വിവാഹജീവിതം നയിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി കേസ് പിന്‍വലിക്കാൻ തീരുമാനിച്ചത്. 2021 ഡിസംബറിൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചു.

പെണ്‍കുട്ടി പ്രതിയുടെ പക്ഷത്തായ സാഹചര്യത്തില്‍ പ്രോസിക്യൂഷന് ഇനി കേസു തെളിയിക്കല്‍ പ്രയാസമാവുമെന്ന് ജസ്റ്റിസ് നാഗപ്രസന്ന ഉത്തരവില്‍ അഭിപ്രായപ്പെട്ടു. പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് അംഗീകരിക്കുകയാണ് ഉചിതമെന്ന് പ്രോസിക്യൂഷന്റെ എതിര്‍പ്പ് തള്ളി കോടതി പറഞ്ഞു.  

Related News