സ്‌പൈസ് ജെറ്റ് വിമാനം വൈകി: വിമാനത്താവളത്തിൽ നിയന്ത്രണം വിട്ട യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കേറ്റം

  • 25/08/2022




അഹമ്മദാബാദ് : അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ സ്‌പൈസ് ജെറ്റ് വിമാനം എട്ടു മണിക്കൂർ വൈകിയതിനെ ചൊല്ലി യാത്രക്കാരും വിമാനത്താവള ജീവനക്കാരും തമ്മിൽ വാക്കേറ്റം. 'നെറ്റ്‌വർക്ക് പ്രശ്‌നം' കാരണമാണ് വിമാനം വൈകിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വൃത്തങ്ങൾ അറിയിച്ചു.

അഹമ്മദാബാദ് വിമാനത്താവളത്തിലെ പ്രധാന റൺവേ അറ്റകുറ്റപ്പണികൾക്കായി രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ അടച്ചിട്ടതായി അഹമ്മദാബാദ് വിമാനത്താവളം അറിയിച്ചു. ഇത് സംബന്ധിച്ച്, പൈലറ്റുമാർക്ക് നോട്ടീസ് നൽകിയിരുന്നു. രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് ഫ്‌ളൈറ്റ് എസ്‌ജി 0354 ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷം ഷെഡ്യൂൾ ചെയ്യുകയായിരുന്നു. എന്നാൽ ഏറെ വൈകി വൈകുന്നേരം ഏഴ് മണിക്കാണ് വിമാനം വാരണാസിയിലേക്ക് പുറപ്പെട്ടതെന്ന് വൃത്തങ്ങൾ പറഞ്ഞു.

വിമാനം വൈകുന്നത് സംബന്ധിച്ച് വ്യക്തമായ പ്രതികരണം ലഭിക്കാത്തതിനാൽ പ്രകോേപിതരായ യാത്രക്കാരും സ്‌പൈസ് ജെറ്റ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെയും വിമാനത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തുകയും യാത്രക്കാരെ ശാന്തരാക്കുകയുമായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാർ ആവശ്യപ്പെട്ടാൽ നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്ന് മുതിർന്ന ഡിജിസിഎ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത്തരം പരാതികൾ ലഭിച്ചാൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related News