ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കന്‍ ശുപാര്‍ശ

  • 25/08/2022

ജാര്‍ഖണ്ഡ്:  സ്വന്തമായി ഖനന ലൈസന്‍സ് അനുവദിച്ച നടപടിയില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്മേല്‍ ഗവര്‍ണര്‍ രമേഷ് ബയസ് ഉടന്‍ തീരുമാനമെടുക്കും. ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും. 

അതേസമയം, നിയമസഭാംഗത്വം റദ്ദാക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഹേമന്ത് സോറന്‍ വ്യക്തമാക്കി.റാഞ്ചിയിലെ അങ്കാര ബ്ലോക്കില്‍ പാറ ഖനനം നടത്താന്‍ ഹേമന്ത് സോറന്റെ പേരില്‍ ജില്ലാ ഭരണകൂടം 2021 ജൂണിലാണ് ലൈസന്‍സ് അനുവദിച്ചത്. ഖനന വകുപ്പിന്റെ ചുമതലയും സോറനായിരുന്നു. ബിജെപി ഇതിനെതിരെ പരാതി നല്‍കി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 9 എ പ്രകാരം സോറനെ അയോഗ്യനാക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തി. അയോഗ്യനാക്കപ്പെടാതിരിക്കാനുള്ള കാരണം വിശദീകരിക്കാന്‍ മേയ് മാസത്തില്‍ കമ്മിഷന്‍ സോറനോട് ആവശ്യപ്പെട്ടിരുന്നു. സ്വന്തം പേരില്‍ ഖനന ലൈസന്‍സ് അനുവദിച്ചത് ഓഫീസ് ഓഫ് പ്രോഫിറ്റിന്റെ പരിധിയില്‍ വരുമെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട് പറയുന്നു.ഈ വിഷയത്തില്‍ ഭരണഘടനയുടെ 192 ാം അനുച്ഛേദ പ്രകാരം ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. കമ്മിഷണന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗത്തെ അയോഗ്യനാക്കുന്നതില്‍ തീരുമാനമെടുക്കാം. ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി സഖ്യസര്‍ക്കാരാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്. ഹേമന്ത്് സോറന്റെ തിരിച്ചടി പ്രതിപക്ഷക്ഷികള്‍ക്കാം വലിയ ക്ഷീണമാകും.



Related News