സുപ്രീം കോടതി ചീഫ് ജസ്റ്റിസായി യു.യു ലളിത് ഇന്ന് സ്ഥാനമേല്‍ക്കും

  • 27/08/2022

ദില്ലി: ഇന്ത്യയുടെ നാല്‍പത്തിയൊന്‍പതാം ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സ്ഥാനമേല്‍ക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുയാണ് യു യു ലളിതിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്. 

സുപ്രീം കോടതി ജഡ്ജിയാകുന്നതിന് മുന്‍പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസുകളിലെ അഭിഭാഷകന്‍ കൂടിയായിരുന്നു ലളിത്.മഹാരാഷ്ട്രയില്‍ നിന്നുള്ള ഉദയ് ഉമേഷ് ലളിത്. 1983ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത് ജസ്റ്റിസ് ലളിത് മുപ്പത്തിയൊമ്പത് വര്‍ത്തിനിപ്പുറം പരമോന്നത നീതീപീഠത്തിന്റെ തലപ്പെത്തെത്തുന്നു. 1957 നവംബര്‍ 9-നാണ് ജസ്റ്റിസ് യു.യു.ലളിതിന്റെ ജനനം.പിതാവും മുന്‍ ജഡ്ജിയുമായിരുന്നയു ആര്‍ ലളിതിന്റെ പാതപിന്‍തുടര്‍ന്നാണ് നിയമപഠനത്തിന്റെ പടികയറുന്നത്. പ്രാക്ടീസ് തുടങ്ങിയ മൂന്നാമത്തെ വര്‍ഷം തട്ടകം ദില്ലിക്ക് മാറ്റി. 2004-ല്‍ സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകന്‍ ആയി.ഇതിനിടയില്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ ജൂനിയറായി ദീര്‍ഘനാള്‍ പ്രാക്ടീസും ചെയ്തു. 2014ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. 

സുപ്രീം കോടതി ജഡ്ജിയാകുന്നതിന് മുന്‍പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസുകളിലെ അഭിഭാഷകന്‍ കൂടിയായിരുന്നു ലളിത്. ഷൊറാബുദ്ദീന്‍ ഷെയിഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായുടെ അഭിഭാഷകന്‍ ലളിതയായിരുന്നു. 2ജി സെപക്ട്രം കേസില്‍ പബ്ലിക് പ്രോസിക്യുട്ടറായിരുന്നു. ജഡ്ജിയായിരിക്കെ മുത്തലാഖ്, ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര കേസ്, പോക്‌സോ കേസിലെ സുപ്രധാന ഉത്തരവ് തുടങ്ങിയവ ജസ്റ്റിസ് ലളിതിന്റെ ബഞ്ചില്‍ നിന്നുണ്ടായി. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതും ജസ്റ്റിസ് ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ്. മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ണ്ണായകമായ ലാവലിന്‍ കേസ് നിലവിലുള്ളത് ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിന് മുന്നിലാണ്.

Related News