ബിജെപി നേതാവ് സൊനാലിയുടെ മരണം; സഹായികൾ പാനീയത്തിൽ കലർത്തി നൽകിയത് മാരക ലഹരിമരുന്നായ മെത്താംഫിറ്റമിൻ

  • 28/08/2022



പനജി:∙ ഗോവയിൽ മരിച്ച ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന് സഹായികൾ പാനീയത്തിൽ കലർത്തി നൽകിയത് മാരക ലഹരിമരുന്നായ മെത്താംഫിറ്റമിൻ. സൊനാലി നിശാപാർട്ടിയിൽ പങ്കെടുത്ത റസ്റ്ററന്റിലെ ശുചിമുറിയിൽനിന്ന് ഈ ലഹരിമരുന്നിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.

‘മെത്ത്’ എന്നറിയപ്പെടുന്ന ഇതിന്റെ ഉപയോഗം കിഡ്നിയെയും തലച്ചോറിനെയും ഹൃദയത്തെയും ഗുരുതരമായി ബാധിക്കും.

നടിയുടെ അറസ്റ്റിലായ സഹായികൾ സുധീർ സാഗ്‌വൻ, സുഖ്‌വിന്ദർ വസി എന്നിവർക്ക് ‘മെത്ത്’ എത്തിച്ചുകൊടുത്തുവെന്നു കരുതുന്ന ദത്താപ്രസാദ് ഗാവോങ്കർ, റസ്റ്ററന്റ് ഉടമ എഡ്വിൻ ന്യൂൺസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സുധീറും സുഖ്‍വിന്ദറും പാനീയത്തിൽ പൊടി കലർത്തുന്നതും അത് സൊനാലിയെക്കൊണ്ടു കുടിപ്പിക്കുന്നും സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരുന്നു. പാനീയം 2 തവണ കുടിച്ച ശേഷം സഹായികളും സൊനാലിയും ശുചിമുറിയിലേക്കു പോകുന്നതും 2 മണിക്കൂർ ഉള്ളിൽ ചെലവഴിച്ച ശേഷം പുറത്തുവരുന്നതും ദൃശ്യങ്ങളിലുണ്ട്. 

അവശയായ സൊനാലിയെ പിന്നീട് അവർ താമസിച്ച ഹോട്ടലിലേക്കും അവിടെനിന്നു ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയിലെത്തും മുൻപ് മരിച്ചു. സൊനാലിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു.

Related News