നോയിഡയിലെ സൂപ്പര്‍ടെക് ഇരട്ട ഫ്‌ളാറ്റ് സമുച്ചയം ഇന്ന് തകര്‍ക്കും

  • 28/08/2022

അലഹബാദ്: വാഗ്ദാനലംഘന പരാതിയെത്തുടര്‍ന്ന് വിവാദത്തിലായ നോയിഡയിലെ സൂപ്പര്‍ടെക് ഇരട്ട ഫ്ലാറ്റ് സമുച്ചയം ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കും. ഉച്ചയ്ക്ക് 2.30-ന് ആരംഭിക്കുന്ന പൊളിക്കല്‍ നടപടി ഒന്‍പത് സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാകും.

ഇന്ത്യയില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ഏറ്റവും വലിയ കെട്ടിടമാണ് ഇത്. നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തിന് മുന്നോടിയായി പ്രദേശത്ത് കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രദേശവാസികളോട് രാവിലെ തന്നെ ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് 2 മുതല്‍ 3 മണിവരെ എക്സ്പ്രസ് ഹൈവേയുടെ ഒരു ഭാഗം അടച്ചിടും. കേരളത്തില്‍ മരടിലെ കെട്ടിടങ്ങള്‍ തകര്‍ത്ത കമ്പനികളാണ് ഇവിടെയും സ്ഫോടനം നടത്തുന്നത്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ ആംബുലന്‍സുകളം അഗ്നിശമനസേനയും ആശുപത്രികളില്‍ ജാഗ്രതയും പ്രഖ്യാപിച്ചാണ് സ്ഫോടനം നടത്തുന്നത്.

2014 ലാണ് ഇരട്ടകെട്ടിടം പൊളിക്കാന്‍ കോടതി ഉത്തരവിട്ടത്. വൈകാതെ കേസ് സുപ്രീംകോടതിയിലും എത്തി. ഏഴ് വര്‍ഷം നീണ്ട വാദ പ്രതിവാദത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരി വെക്കുകയായിരുന്നു.

 

Related News