മുന്‍ എം.പിയും തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവുമായ എം.എ ഖാനും പാര്‍ട്ടി വിട്ടു

  • 28/08/2022

ഹൈദരാബാദ്: കോണ്‍ഗ്രസില്‍ നിന്ന് ഒരു നേതാവ് കൂടി രാജിവെച്ചു. മുന്‍ രാജ്യസഭാംഗവും തെലുങ്കാനയില്‍ നിന്നുള്ള നേതാവുമായ എംഎ ഖാനാണ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചത്. രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കത്തില്‍ നടത്തിയിരിക്കുന്നത്.


രാഹുല്‍ വൈസ് പ്രസിഡന്റായതിന് ശേഷം കോണ്‍ഗ്രസ് താഴേക്ക് പോയെന്നും പാര്‍ട്ടിയുടെ പതനത്തിന് കാരണം രാഹുല്‍ ഗാന്ധിയാണെന്നും ഖാന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് പഴയ പ്രതാപം തിരിച്ചെടുക്കാനാകില്ലെന്ന് കത്തില്‍ പറയുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ മുതിര്‍ന്ന നേതാക്കളെല്ലാം പിന്മാറിയെന്നും രാഹുല്‍ ഗാന്ധിയ്ക്ക് മുതിര്‍ന്ന് നേതാക്കളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അറിയില്ലെന്നും ഖാന്‍ വിമര്‍ശിച്ചു.

ജി 23 നേതാക്കളുടെ നിര്‍ദേശങ്ങളെ വിമത സ്വരമായാണ് കോണ്‍ഗ്രസ് നേതൃത്വം കണ്ടത്. അവര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവരെ വിശ്വസിച്ചിരുന്നെങ്കില്‍ ഈ സ്ഥിതി വരില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ രാജി വെയ്ക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞദിവസം മുതിര്‍ന്ന് നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാജി. സംഘടനയില്‍ അഴിച്ചുപണി നടക്കുന്നില്ലെന്നും നേതൃകാര്യങ്ങളില്‍ സോണിയക്ക് ഒരു റോളുമില്ലെന്നും ഗുലാം നബി ആസാദ് തന്റെ രാജിക്കത്തില്‍ പറയുന്നു. രാഹുല്‍ ഗാന്ധിയാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും പോലും പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കളേക്കാള്‍ വലിയ റോളുണ്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു.

Related News