കാമുകി ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചു, കടുത്ത മാനസികപീഡനം, യുവാവ് ജീവനൊടുക്കി

  • 28/08/2022

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന കാമുകിയ്‌ക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ സിങ്ങ്(27) ആണ് തൂങ്ങി മരിച്ചത്. യുവാവിന്‍റെ അമ്മ വീണാദേവിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 

യുവാവിനൊപ്പം താമസിച്ചിരുന്ന കാമുകിയായ സോനം അലിയും ഇവരുടെ സഹോദരനും ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് മകന്‍ ജീവനൊടുക്കിയതെന്നും ഇക്കാര്യം അറിയിക്കുന്ന ആത്മഹത്യാക്കുറിപ്പ് മകന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ യുവതിയേയും സഹോദരനേയും അറസ്റ്റ് ചെയ്തു. സോനം അലിയും സഹോദരന്‍ മുഖ്താര്‍ അലിയും ചേര്‍ന്ന് തന്നെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും അത് തനിക്ക് കടുത്ത മാനസികപീഡനമാണെന്നും ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പോസ്റ്റ് ചെയ്ത കുറിപ്പില്‍ യുവാവ് ആരോപിച്ചു.

ജൂണ്‍ 27-നാണ് ഉദ്ദ്‌ന പട്ടേല്‍ നഗറിലെ വീട്ടില്‍ രാഹുല്‍ സിങ്ങിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകിയായ സോനം അലിക്കൊപ്പമാണ് യുവാവ് ഇവിടെ താമസിച്ചിരുന്നത്. സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് രാഹുലിനെ കണ്ടതെന്നായിരുന്നു സംഭവദിവസം യുവതിയുടെ മൊഴി. തുണിമില്ലിലെ ജോലിക്കായാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ സൂറത്തില്‍ എത്തിയത്. അമ്മയെയും സഹോദരിയെയും ഇവിടേക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് സഹപ്രവര്‍ത്തകയായ സോനം അലിയുമായി അടുപ്പത്തിലായി. സോനത്തെ വിവാഹം കഴിക്കാനുള്ള ആഗ്രഹം വീട്ടുകാര്‍ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങിയ രാഹുല്‍ സോനത്തിനൊപ്പം ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. 

ജീവനൊടുക്കിയ ദിവസം രാഹുല്‍ പോസ്റ്റ് ചെയ്തതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പാണിതെന്നും കാമുകിയുടെയും ഇവരുടെ സഹോദരന്റെയും ഉപദ്രവം താങ്ങാന്‍ കഴിയാതെ ജീവനൊടുക്കുന്നുവെന്നാണ് ഇതില്‍ പറയുന്നതെന്നും പരാതിയിലുണ്ട്. ബീഫ് കഴിക്കാന്‍ കാമുകിയും സഹോദരനും നിര്‍ബന്ധിച്ചെന്നും ബീഫ് കഴിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് രാഹുലിന്റെ കുറിപ്പിലുള്ളത്. 

Related News