ബി.ജെ.പി നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി നിധിന്‍ ഗഡ്കരി

  • 29/08/2022

മുംബൈ: ബി.ജെ.പി, ആര്‍.എസ്.എസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി. ആരെയും ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ് രസിക്കരുതെന്നും നല്ലകാലത്തും ചീത്തക്കാലത്തും അവരോടൊപ്പമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പരാജയപ്പെടുമ്പോഴല്ല, പരിശ്രമം ഉപേക്ഷിക്കുമ്പോഴാണ് മനുഷ്യന്‍ യഥാര്‍ഥത്തില്‍ തോല്‍ക്കുന്നതെന്നും അമേരിക്കയുടെ മുന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണിന്റെ വാക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. നാഗ്പുരില്‍ സംരംഭകരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാളുടെ കൈപിടിച്ചാല്‍ നല്ലകാലമായാലും ചീത്തക്കാലമായാലും എപ്പോഴും മുറുകെപ്പിടിക്കുക. ബിസിനസിലോ സാമൂഹികപ്രവര്‍ത്തനത്തിലോ രാഷ്ട്രീയത്തിലോ ഏര്‍പ്പെട്ട ഏതൊരാള്‍ക്കും മനുഷ്യബന്ധങ്ങളാണ് ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിലെ ആദ്യകാലത്തെക്കുറിച്ച് സംസാരിച്ച ഗഡ്കരി വിദ്യാര്‍ഥിനേതാവായിരുന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ശ്രീകാന്ത് ജിച്ച്കര്‍ നല്ലഭാവിക്കായി കോണ്‍ഗ്രസില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്നും പറഞ്ഞു. കിണറ്റില്‍ച്ചാടി മരിച്ചാലും കോണ്‍ഗ്രസില്‍ ചേരില്ല. കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആശയങ്ങളോട് യോജിപ്പില്ലെന്ന് മറുപടിനല്‍കിയതായും ഗഡ്കരി പറഞ്ഞു. ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡില്‍നിന്ന് നിതിന്‍ ഗഡ്കരിയെ ഏതാനുംദിവസംമുമ്പ് ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെ സര്‍ക്കാര്‍ ശരിയായസമയത്ത് തീരുമാനങ്ങളെടുക്കാത്തതാണ് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമെന്ന പരാമര്‍ശവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.

Related News