ഭാര്യ പിണങ്ങിപ്പോയി; തിരികെ വരാന്‍ കൂട്ടാക്കാതിരുന്നതിന് വീട്ടിലെത്തി യുവതിയുടെ മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്

  • 01/09/2022

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പിണങ്ങിപ്പോയ ഭാര്യയുടെ മൂക്ക് ഭര്‍ത്താവ് കടിച്ചെടുത്തു.  ലഖിംപുര്‍ ഖേരിയിലാണ് സംഭവം.  രാതാസിയ സ്വദേശിയും കര്‍ഷകനുമായ സഞ്ജയ് കുമാറാണ്(30) ഭാര്യ വന്ദന (26)യെ ആക്രമിച്ചത്. ഇതിന് പിന്നാലെ യുവാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ദാമ്പത്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വന്ദന കഴിഞ്ഞ ഒരുമാസമായി ധാക്കിയ ഗ്രാമത്തിലെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പിണങ്ങിപ്പോയ ഇവര്‍ ഒരുമാസം കഴിഞ്ഞിട്ടും തിരികെ വന്നില്ല. ഭാര്യയെ കൂട്ടിക്കൊണ്ടുപോകാനായാണ് സഞ്ജയ് കുമാര്‍ കഴിഞ്ഞദിവസം വന്ദനയുടെ വീട്ടിലെത്തിയത്. 

ഭര്‍ത്താവിനൊപ്പം പോകാന്‍ യുവതി തയ്യാറായില്ല. ഇതോടെ പ്രകോപിതനായ യുവാവ് ഭാര്യയെ ആക്രമിച്ചു. തുടര്‍ന്ന് ഇവരുടെ മൂക്ക് കടിച്ചെടുക്കുകയുമായിരുന്നു. പിന്നാലെ കടിച്ചെടുത്ത മൂക്കിന്റെ കഷണവുമായി ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ വീട്ടുകാര്‍ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാസ്റ്റിക് സര്‍ജറി ആവശ്യമായതിനാല്‍ യുവതിയെ പിന്നീട്  ലഖ്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റി. 



Related News