'എന്നെ വിവാഹം ചെയ്യൂ'; യുവാവിന് പിന്നാലെ ഓടി യുവതി, വൈറലായി വീഡിയോ

  • 01/09/2022

നവാഡ: ബിഹാറില്‍ തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവിന് പിന്നാലെ ഓടുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. ബിഹാറിലെ നവാടയിലെ ഭഗത് സിംഗ് ചൗക്കിലാണ് സംഭവം. 

യുവാവുമായി ഈ യുവതിയുടെ വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നു. വിവാഹ തീയതി അടുത്തതോടെ വിവാഹം നീട്ടവയ്ക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. യുവാവിന്‍റെ ബന്ധുക്കള്‍ വിവാഹം നീട്ടുന്നതിനായി പല കാരണങ്ങളും പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. 

മാതാപിതാക്കള്‍ക്കൊപ്പം ചന്തയിലെത്തിയ യുവതി അവിടെ വെച്ച് യുവാവിനെ കണ്ടു. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി യുവാവിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവാവ് ഓടി രക്ഷപെടാനുള്ള ശ്രമങ്ങള്‍ നടത്തി. യുവാവിന്‍റെ കൈയില്‍ പിടിച്ച് തന്നെ വിവാഹം ചെയ്യൂ എന്ന് യുവതി അപേക്ഷിക്കുന്നതും പിന്നാലെ ഓടുന്നതും വീഡിയോയില്‍ കാണാം. 

മൂന്ന് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. സ്ത്രീധനമായി ഒരു ബൈക്കും 50,000 രൂപയും വാങ്ങുകയും ചെയ്തു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന അവസ്ഥയായതോടെ പോലീസ് സ്ഥലത്തെത്തി ഇരു കൂട്ടരെയും വനിത പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇതിന് ശേഷം യുവതിക്കും യുവാവിനും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇരുകൂട്ടരും വിവാഹത്തിന് സമ്മതിച്ചതോടെ പോലീസ് സ്റ്റേഷന് സമീപം തന്നെയുള്ള ക്ഷേത്രത്തില്‍ വച്ച് വിവാഹവും നടന്നു.  

Related News