ഏഷ്യ കപ്പില്‍ ഇന്ത്യ ഇന്ന് പാക്കിസ്താനെ നേരിടും

  • 04/09/2022

ദുബായ്: ഏഷ്യാ കപ്പില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയും ഇരുടീമുകള്‍ നേര്‍ക്കുനേര്‍വരുന്നു. സൂപ്പര്‍ ഫോറില്‍ ഇന്ത്യ-പാക് മത്സരം ഇന്ന് വൈകീട്ട് 7.30 മുതല്‍ ദുബായില്‍.പ്രാഥമിക റൗണ്ടില്‍ പാകിസ്താനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസമുണ്ടെങ്കിലും അന്നത്തെ ജയം അത്ര ആധികാരികമായിരുന്നില്ല. അവസാന ഓവര്‍വരെ നീണ്ട ത്രില്ലറില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വണ്‍മാന്‍ ഷോയിലൂടെയാണ് ഇന്ത്യ ജയിച്ചത്. 

ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസിന്റെ ഭാഗ്യവുമുണ്ടായിരുന്നു. പാകിസ്താനെതിരേയും പിന്നീട് ഹോങ് കോങ്ങിനെതിരേയും ഇന്ത്യയുടെ ഓപ്പണര്‍മാര്‍ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല. പാകിസ്താനെതിരേ പൂജ്യത്തിന് പുറത്തായ രാഹുല്‍ രണ്ടാം മത്സരത്തില്‍ 39 പന്തില്‍ 36 റണ്‍സെടുത്തത് ഏറെ വിമര്‍ശിക്കപ്പെട്ടു. ഇനിയും മികവിലേക്കുയര്‍ന്നില്ലെങ്കില്‍ രാഹുലിന്റെ സ്ഥാനം ചോദ്യംചെയ്യപ്പെടും. വിരാട് കോലി ഹോങ് കോങ്ങിനെതിരേ അര്‍ധസെഞ്ചുറി നേടിയെങ്കിലും തന്റെ യഥാര്‍ഥഫോമിലേക്ക് തിരിച്ചെത്തുന്നതേയുള്ളൂ. പാകിസ്താനെതിരേ ഇന്ത്യന്‍ വിജയത്തിന് വലിയ സംഭാവനനല്‍കിയ രവീന്ദ്ര ജഡേജ കഴിഞ്ഞദിവസം പരിക്കേറ്റ് മത്സരത്തില്‍നിന്ന് പിന്മാറിയത് ടീമിന്റെ പദ്ധതികളെ ബാധിക്കും. സ്പിന്നര്‍ ഓള്‍റൗണ്ടറായ അക്‌സര്‍ പട്ടേലാണ് സ്വാഭാവികമായി ജഡേജയുടെ പകരക്കാരനാകേണ്ടത്. എന്നാല്‍, മികച്ച ബാറ്ററും ഓഫ്‌സ്പിന്നറുമായ ദീപക് ഹൂഡ, ആര്‍. അശ്വിന്‍ എന്നിവരും മുന്നിലുണ്ട്. രണ്ടു കളിയിലും നന്നായി റണ്‍ വഴങ്ങിയ പേസ് ബൗളര്‍ ആവേശ് ഖാെന മാറ്റിനിര്‍ത്തുന്നകാര്യവും പരിഗണനയിലുണ്ട്. അങ്ങനെയെങ്കില്‍ ടീം ഘടനയിലും ബാറ്റിങ് ഓര്‍ഡറിലും കാര്യമായ മാറ്റംവരാം.

Related News