സ്‌കൂളില്‍ പോയ പതിനഞ്ചുകാരി തിരികെ വന്നില്ല; മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയില്‍, രണ്ടുപേര്‍ അറസ്റ്റില്‍

  • 04/09/2022

മുംബൈ: മുബൈയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ അന്ധേരി സ്വദേശിനി വന്‍ഷിത റാത്തോഡ്(15) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സന്തോഷ് മാക്വാന(21), കൂട്ടാളി വിശാല്‍ അന്‍ഭാവനെ എന്നിവരെ പോലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ പ്രതികളെ ഗുജറാത്തില്‍നിന്നാണ് പിടികൂടിയത്.

 ഓഗസ്റ്റ് 25-ാം തീയതിയാണ് അന്ധേരിയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ വന്‍ഷിതയെ കാണാതായത്. പെണ്‍കുട്ടിയുമായുള്ള അടുപ്പത്തെച്ചൊല്ലി വന്‍ഷിതയുടെ കുടുംബാംഗങ്ങള്‍ സന്തോഷിനെ നേരത്തെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിലുള്ള പ്രതികാരമായാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. രാവിലെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി തിരികെ വന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ അന്ധേരി പോലീസില്‍ പരാതി നല്‍കി. 

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ഓഗസ്റ്റ് 26-ാം തീയതി പാല്‍ഘറില്‍ മുംബൈ-അഹമ്മദാബാദ് ഹൈവേയ്ക്ക്  സമീപം സ്യൂട്ട്‌കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.  മൃതദേഹം തുണിയില്‍ പൊതിഞ്ഞനിലയിലാണ് സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ചിരുന്നത്. സ്‌കൂള്‍ യൂണിഫോമും സ്യൂട്ട്‌കേസിലുണ്ടായിരുന്നു. അന്വേഷണത്തില്‍ അന്ധേരിയില്‍നിന്ന് കാണാതായ വന്‍ഷിതയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. 

പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലെ സുഹൃത്തായ സന്തോഷിനെ പോലീസ് ആദ്യഘട്ടത്തില്‍തന്നെ സംശയിച്ചിരുന്നു. ഇയാളും സുഹൃത്തും സ്യൂട്ട്‌കേസുമായി പോകുന്ന ചില സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. എന്നാല്‍ കൃത്യം നടത്തിയതിന് പിന്നാലെ ഒളിവില്‍പോയ ഇയാളെ ആദ്യം കണ്ടെത്താനായില്ല. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സന്തോഷും വിശാലും പിടിയിലായത്.

സാമൂഹിക മാധ്യമത്തിലൂടെയാണ് പതിനഞ്ചുകാരി എട്ടു മാസം മുമ്പാണ് കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സന്തോഷിനെ പരിചയപ്പെടുന്നത്. കഴിഞ്ഞ മാസം സന്തോഷിനൊപ്പം പുറത്ത് പോയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ കണ്ടു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സന്തോഷിനെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. യുവാവുമായി ഒരു ബന്ധവും പാടില്ലെന്നും ബന്ധുക്കള്‍ മുന്നറിയിപ്പ് നല്‍കി. പക്ഷേ, ഇതിനുശേഷവും ഇരുവരും തമ്മില്‍ കാണുന്നതും സംസാരിക്കുന്നതും തുടര്‍ന്നു.

ഇതോടെ കുട്ടിയുടെ ബന്ധുക്കള്‍ വീണ്ടും യുവാവിനെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. വൈരാഗ്യം മൂത്ത് യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് 25-ാം തീയതി സ്‌കൂളിലെത്തിയ വന്‍ഷിതയെ ഉച്ചയ്ക്ക് മുമ്പേ സന്തോഷ് എത്തി കൂട്ടിക്കൊണ്ടുപോയി. ബാഗില്‍ മറ്റുവസ്ത്രങ്ങള്‍ കരുതിയിരുന്ന പെണ്‍കുട്ടി സ്‌കൂള്‍ യൂണിഫോം മാറ്റി ഈ വസ്ത്രങ്ങള്‍ ധരിച്ചാണ് പോയത്. തുടര്‍ന്ന് ഉച്ചയ്ക്ക് 12.15-ഓടെ ഇരുവരും ജുഹുവിലെ ഒരു കുടിലില്‍ എത്തി.  ഇവിടെവെച്ചാണ് സുഹൃത്തായ വിശാലിന്റെ സാന്നിധ്യത്തില്‍ സന്തോഷ് പെണ്‍കുട്ടിയെ കുത്തിക്കൊന്നത്. വായ പൊത്തിപ്പിടിച്ച ശേഷം പെണ്‍കുട്ടിയുടെ ശരീരത്തില്‍  മാരകമായി കുത്തിപരിക്കേല്‍പ്പിച്ചെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. 

കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ മൃതദേഹം വലിയ സ്യൂട്ട്‌കേസിലാക്കി സന്തോഷും സുഹൃത്തും അന്ധേരിയില്‍നിന്ന്  നായ്ഗാവിലേക്ക് ട്രെയിന്‍ കയറി. യാത്രക്കിടെ റോഡരികില്‍  സ്യൂട്ട്‌കേസ് ഉപേക്ഷിക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റാണ് സന്തോഷ് യാത്രചെലവിനുള്ള പണം കണ്ടെത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം  ജുഹുവിലെ കുടിലില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. 

Related News