പഠനത്തിൽ മകളേക്കാള്‍ മുമ്പില്‍; എട്ടാം ക്ലാസുകാരന്‍റെ മരണത്തില്‍ ദുരൂഹത, സഹപാഠിയുടെ അമ്മ വിഷം കൊടുത്തു കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍

  • 04/09/2022

പുതുച്ചേരി: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ സഹപാഠിയുടെ അമ്മക്കെതിരെ മരിച്ച കുട്ടിയുടെ ബന്ധുക്കള്‍. മകളുടെ സഹപാഠിയെ എട്ടാം ക്ലാസുകാരിയുടെ അമ്മ വിഷം കൊടുത്തു കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. പഠനത്തിൽ മകളേക്കാൾ മികവ് പുലര്‍ത്തിയതിനാണ് ക്രൂരത. പുതുച്ചേരി കാരയ്ക്കൽ സ്വദേശികളായ രാജേന്ദ്രൻ, മാലതി ദമ്പതിമാരുടെ മകൻ ബാലമണികണ്ഠൻ ആണ് മരിച്ചത്. വിഷബാധയേറ്റാണ് കുട്ടി മരിച്ചത്. 

സ്കൂൾ വാര്‍ഷിക ആഘോഷ പരിപാടികളുടെ പരിശീലത്തിന് എത്തിയ കുട്ടിക്ക് സഹപാഠിയുടെ അമ്മ വിഷം കലർത്തിയ ശീതളപാനീയം നൽകിയെന്നാണ് ആരോപണം. വീട്ടിലെത്തിയ ഉടൻ കുട്ടി തുടർച്ചയായിഛർദ്ദിക്കുകയും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തു.  തുടര്‍ന്ന് മാതാപിതാക്കള്‍ ബാല മണികണ്ഠനെ ഉടനെ കാരയ്ക്കൽ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തരയോടെയാണ് കുട്ടി മരിച്ചത്. 

ക്ലാസിൽ ഒന്നാമനായ ബാല മണികണ്ഠനോടുള്ള അസൂയ മൂലം രണ്ടാം സ്ഥാനക്കാരിയായ സഹപാഠിയുടെ അമ്മ വിക്ടോറിയ സകയ റാണി ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടിയുടെ മരണത്തെ തുടർന്ന് വിക്ടോറിയ സകയറാണിയെ പോലീസ് അറസ്റ്റ് ചെയ്തു. 

സ്കൂളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സകയ തന്നെയാണ് കുട്ടിക്ക് ശീതള പാനീയം നൽകിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷവും നന്നായി സംസാരിക്കുകയും വലിയ അവശത പ്രകടമാക്കാതിരിക്കുകയും ചെയ്ത കുട്ടി പെട്ടെന്ന് മരിച്ചതിൽ ചികിത്സാപ്പിഴവുണ്ടെന്നും കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ന്യായവില കടയിൽ സെയിൽസ്മാനായ രാജേന്ദ്രന്റേയും മാലതിയുടേയും മൂന്ന് മക്കളിൽ രണ്ടാമനാണ് ബാല മണികണ്ഠൻ.   

Related News