രാജ്പഥ് പുനര്‍നാമകരണം ചെയ്തു; ഇനി കര്‍ത്തവ്യപഥ്

  • 05/09/2022

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ സുപ്രധാന പാതയായ രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്ന് പുനര്‍നാമകരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള വഴിയുടെ പേരാണ് മാറ്റിയത്. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള ഭാഗമാണ് ഇനി മുതല്‍ കര്‍ത്തവ്യപഥ് എന്ന് അറിയപ്പെടുക.


വിജയ് ചൗക്ക് മുതല്‍ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന നവീകരിച്ച സെന്‍ട്രല്‍ വിസ്ത അവന്യൂ സെപ്റ്റംബര്‍ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പേരുമാറ്റം. ബ്രിട്ടിഷ് ഭരണാധികാരി ആയിരുന്ന ജോര്‍ജ് അഞ്ചാമന്‍ രാജാവിനോടുള്ള ബഹുമാന സൂചകമായാണ് കിങ്സ് വേ അഥവാ രാജ്പഥ് എന്ന് പേര് ഉപയോഗിച്ചിരുന്നത്. പേരിലെ കൊളോണിയല്‍ സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കര്‍ത്തവ്യപഥ് എന്ന പേര് നല്‍കിയത്. നേരത്തെ നാവികസേനയുടെ ബ്രിട്ടീഷ് കാലത്തുള്ള പതാക മാറ്റിയിരുന്നു. ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക നിലവില്‍ വന്നത്. രാജ്യത്തെ ആദ്യത്തെ സ്വദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് വിക്ഷേപണ വേളയിലാണ് പുതിയ പതാക പ്രകാശനം ചെയ്തത്.

സെന്റ് ജോര്‍ജ് ക്രോസിന്റെ ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ചതാണ് നാവികസേനയുടെ പഴയ പതാക. അശോക സ്തംഭവും ഛത്രപതി ശിവജിയുടെ നാവികസേന മുദ്രയുള്ളതാണ് പുതിയ പതാക. നേരത്തെ പ്രധാനമന്ത്രിയുടെ വസതി സ്ഥിതി റേസ് കോഴ്‌സ് റോഡിന്റെ പേര് ലോക് കല്യാണ്‍ മാര്‍ഗ് എന്നാക്കി മാറ്റിയിരുന്നു.

Related News