വിവാഹ ദിവസം യുവതിയെ നിർബന്ധിച്ച് കന്യകാത്വ പരിശോധന നടത്തി; ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരെ കേസ്

  • 06/09/2022

ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ വിവാഹ ദിവസം 24കാരിയായ യുവതിയെ നിർബന്ധിച്ച് കന്യകാത്വ പരിശോധന നടത്തിയതായി പരാതി. ഭർത്താവിന്റെ മാതാപിതാക്കളാണ് യുവതിയെ നിർബന്ധിച്ച് കന്യകാത്വ പരിശോധന നടത്തിയത്. പരിശോധനയിൽ യുവതി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഭർത്താവിന്റെ വീട്ടുകാർ തന്നെ ഒഴിവാക്കിയെന്നും പഞ്ചായത്ത് ചേർന്ന് തന്നോട് 10 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

മേയ് 11ന് ഭിൽവാരയിൽ വെച്ചായിരുന്നു യുവതിയുടെ വിവാഹം. ആദ്യദിവസം തന്നെ യുവതി നിര്‍ബന്ധിത കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കപ്പെട്ടു. എന്നാല്‍ പരിശോധനയിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ഭർത്താവും കുടുംബവും അപമാനിച്ചുവെന്നും മേയ് 31ന് പ്രാദേശിക ക്ഷേത്രത്തിൽ വെച്ച് നടന്ന 'ഖാപ് പഞ്ചായത്തി'ൽ തന്റെ കുടുംബത്തോട് 10 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടതായുമാണ് യുവതി പരാതി നല്‍കിയത്.

വിവാഹത്തിന് മുമ്പ് അയൽവാസി തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്ന് യുവതി ഭർത്താവിന്റെ മാതാപിതാക്കളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സുഭാഷ് നഗർ പോലീസ് സ്റ്റേഷനിൽ ഒരു കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Related News