ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയില്‍ തുടക്കം

  • 07/09/2022

ചെന്നൈ: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയില്‍ തുടക്കം. പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ സ്മൃതി മണ്ഡപത്തില്‍ വെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനില്‍ നിന്നും പതാക രാഹുല്‍ ഗാന്ധി ഏറ്റുവാങ്ങിയതോടെയാണ് നൂറ്റിയമ്പത് ദിവസം നീളുന്ന യാത്രക്ക് തുടക്കമായത്.

കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കളമൊരുക്കുന്നതില്‍ വലിയ പങ്കായിരിക്കും ജോഡോ യാത്ര നടത്തുക എന്നും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ സന്ദേശം വേദിയില്‍ വായിച്ചുഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ തുടക്കമാണെന്നും സോണിയ പ്രതീക്ഷ പങ്കുവെച്ചു. ശ്രീ പെരുമ്പത്തൂരിലെ രാജിവ് ഗാന്ധി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് രാഹുല്‍ ഗാന്ധി കന്യാകുമാരിയിലെത്തിയത്.


എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയ നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്. മുതിര്‍ന്ന നേതാക്കളടക്കം 117 സ്ഥിരം അംഗങ്ങളാണ് പദയാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുളളത്. 150 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രക്കിടെ റാലികള്‍ ഉള്‍പ്പടെ സംഘടിപ്പിക്കും.

തന്റെ പിതാവിനെ ഇല്ലാതാക്കിയ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തില്‍ രാജ്യത്തെ കൂടി നഷ്ടപ്പെടുത്താനാവില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി ശ്രീപെരുംപുത്തൂരിലെത്തി രാജീവ് ഗാന്ധി മരിച്ചുവീണ സ്ഥലത്തും അവിടെയുള്ള സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

'വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തില്‍ എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടു. എന്റെ പ്രിയപ്പെട്ട രാജ്യത്തെയും അങ്ങനെ നഷ്ടപ്പെടുത്തില്ല. സ്‌നേഹം വെറുപ്പിനെ കീഴടക്കും. പ്രതീക്ഷ ഭയത്തെ പരാജയപ്പെടുത്തും. ഒറ്റക്കെട്ടായി നമ്മള്‍ മറികടക്കും', രാഹുല്‍ ട്വീറ്ററില്‍ പറഞ്ഞു.

Related News