അഞ്ചാംക്ലാസുകാരിയെ മാതാപിതാക്കള്‍ കനാലില്‍ തള്ളിയിട്ടു; ആണ്‍കുട്ടികളുമായി സംസാരിച്ചതിനെന്ന് മൊഴി

  • 07/09/2022

മീററ്റ്: അഞ്ചാംക്ലാസുകാരിയായ മകളെ മാതാപിതാക്കള്‍ കനാലിലെറിഞ്ഞു. മീററ്റിലെ ഗംഗാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ ബബ്ലുകുമാര്‍ (40), അമ്മ ശിഖ(34) ഇവരുടെ ബന്ധു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.  ആണ്‍കുട്ടികളുമായി സംസാരിക്കുന്നെന്നും അനുസരണക്കേട് കാണിക്കുന്നെന്നും ആരോപിച്ചാണ് മകളെ കനാലില്‍ തള്ളിയിട്ടതെന്ന് മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കി.  

അതേസമയം കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സെപ്റ്റംബര്‍ ഒന്നാം തീയതി കുട്ടിയെ കാണാനില്ലെന്നു കാട്ടി ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍തന്നെയാണ് മകളെ കനാലിലെറിഞ്ഞതെന്ന് മനസ്സിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു.

മകള്‍ നിരവധി ആണ്‍കുട്ടികളുമായി സംസാരിക്കുകയും മോശം രീതിയില്‍ സംസാരിക്കുകയും ചെയ്യുമായിരുന്നെന്നും അനുസരണക്കേടും കാട്ടിയിരുന്നതിനാലും ഇതില്‍ പ്രകോപിതരായ മാതാപിതാക്കള്‍ ബന്ധുവുമായി ചേര്‍ന്ന് കൊലപാതകത്തിന് പദ്ധതിയിടുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നാംതീയതി ഇവര്‍ കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയി. കനാലിനടുത്തെത്തിച്ച ശേഷം വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. കുട്ടി ദൂരേക്ക് ഒഴുകിപ്പോകുന്നതു വരെ കാത്തിരുന്നു. 

ഒഴുകിപ്പോയെന്ന് ഉറപ്പാക്കിയശേഷം പോലീസ് സ്റ്റഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ രക്ഷിതാക്കളുടെ മൊഴിയില്‍ സംശയം തോന്നിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്.

Related News