സ്വത്തു തര്‍ക്കം; ഭാര്യാപിതാവിനും ബന്ധുവിനും സയനൈഡ് കലര്‍ത്തിയ മദ്യം നല്‍കി കൊലപ്പെടുത്തി യുവാവ്

  • 08/09/2022

പൊള്ളാച്ചി: കോയമ്പത്തൂരില്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാപിതാവിനെയും ബന്ധുവിനെയും സയനൈഡ് കലര്‍ത്തിയ മദ്യംനല്‍കി കൊലപ്പെടുത്തിയ കേസില്‍ മരുമകന്‍ അറസ്റ്റില്‍. സൂലൂര്‍ പൊന്നകന്നി സ്വദേശിയായ ഡി. സത്യരാജ് (30) ആണ് അറസ്റ്റിലായത്.

സ്വത്തുവിറ്റ പണം തരാത്തതുസംബന്ധിച്ച് ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതുമൂലം ഭാര്യാപിതാവിനോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഞായറാഴ്ചയാണ് സംഭവം. മദ്യത്തില്‍ സയനൈഡ് കലര്‍ത്തി യുവാവ് ഭാര്യാപിതാവ് ആര്‍. മനോഹരനെ (58) ഏല്‍പ്പിച്ചു. മനോഹരന്‍ ബന്ധുവായ എ. വേലുസ്വാമിയെയും (56) കൂട്ടി വൈകീട്ട് മദ്യപിച്ചിരുന്നു. 

തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഇരുവരെയും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. സൂലൂര്‍ ഇന്‍സ്പെക്ടര്‍ ആര്‍. മാതയ്യന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനിടെ, അമിത മദ്യപാനമാണ് മരണകാരണമെന്ന് സത്യരാജ് പോലീസിനെ അറിയിച്ചു.

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടംചെയ്താല്‍ ശരീരത്തിലെ അവയവങ്ങള്‍ നഷ്ടപ്പെടുമെന്നും ചെയ്യരുതെന്നും ബന്ധുക്കളോട് ഇയാള്‍ ആവശ്യപ്പെട്ടത് സംശയത്തിനിടയാക്കി. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ നിന്നാണ് വിഷം ഉള്ളില്‍ച്ചെന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് സത്യരാജിനെ പോലീസ് ചോദ്യംചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Related News