ഡയമണ്ട് ലീഗ് ഫൈനലിലും ഇന്ത്യക്കായി ചരിത്രം കുറിച്ച് അഭിമാനമായി നീരജ് ചോപ്ര

  • 09/09/2022

സൂറിക്: ഡയമണ്ട് ലീഗ് ഫൈനലിലും ചരിത്രവിജയം നേടി ഇന്ത്യയുടെ അഭിമാന താരം നീരജ് ചോപ്ര. 88.44 മീറ്റര്‍ ദൂരം കുറിച്ചാണ് നീരജ് സ്വര്‍ണം സ്വന്തമാക്കിയത്. ആദ്യ ശ്രമം ഫൗളായപ്പോള്‍ ഉയര്‍ന്ന ആശങ്ക അസ്ഥാനത്താക്കി രണ്ടാം ശ്രമത്തിലാണ് നീരജ് സ്വര്‍ണ ദൂരം കുറിച്ച 88.44 മീറ്റര്‍ എറിഞ്ഞത്. 

ഇതോടെ ലോക അത്ലറ്റിക്സിലെ സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ഡയമണ്ട് ലീഗ് ലീഗ് ഫൈനലില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രവും നീരജ് എഴുതിച്ചേര്‍ത്തു. മൂന്നാം ശ്രമത്തില്‍ 88 മീറ്റര്‍, നാലാമത്തേതില്‍ 86.11, അഞ്ചാമത്തേതില്‍ 87 അവസാന ശ്രമത്തില്‍ 83.60 എന്നിങ്ങനെയായിരുന്നു നീരജ് കുറിച്ച ദൂരം. ടോക്യോ ഒളിമ്പിക്സിലൂടെ ഇന്ത്യക്ക് ആദ്യ അത്ലറ്റിക്സ് സ്വര്‍ണം സമ്മാനിച്ച നീരജ് ലോക അത് ലറ്റിക്സില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. യൂജിനില്‍ 88.13 മീറ്റര്‍ ദൂരം കുറിച്ചാണ് നീരജ് വെള്ളി നേടിയതെങ്കില്‍ ഡയമണ്ട് ലീഗ് ഫൈനലില്‍ അതും മെച്ചപ്പെടുത്തി 88.44 മീറ്ററാക്കി. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജ് 86.94 മീറ്റര്‍ കുറിച്ച് വെള്ളി നേടി. ഈ വര്‍ഷം നടന്ന ഡയമണ്ട് ലീഗ് മീറ്റുകളില്‍ മികച്ച സമയം കുറിച്ച ആറ് അത്ലറ്റുകളാണ് ജാവലിന്‍ ഫൈനലില്‍ അണിനിരന്നത്. ജാവലിന്‍ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സണ്‍ കഴിഞ്ഞ മാസം നടന്ന ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഡയമണ്ട് ലീഗ് ഫൈനലിനുണ്ടായിരുന്നില്ല.എന്നാല്‍ ടോക്യോയില്‍ നീരജിന് പിന്നില്‍ രണ്ടാമനായി വെള്ളി നേടിയ യാക്കൂബ് വാല്‍ഡെജായിരുന്നു ഡയമണ്ട് ലീഗ് ഫൈനലില്‍ നീരജിന്റെ മുഖ്യ എതിരാളി. എന്നാല്‍ 87 മീറ്റര്‍ കടക്കാന്‍ യാക്കൂബിന് കഴിഞ്ഞില്ല.പരിക്കിനെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമായ നീരജ് ലൂസേന്‍ ഡയമണ്ട് ലീഗില്‍ വിജയിയായാണ് ഡയമണ്ട് ലീഗ് ഫൈനലിന് യോഗ്യത നേടിയത്.

Related News