വിവാഹ പന്തലില്‍ താലിമാല തട്ടിപ്പറിച്ച് വധുവിന്റെ കഴുത്തില്‍ കെട്ടാനൊരുങ്ങി കാമുകന്‍, സിനിമയെ വെല്ലുന്ന നാടകീയത

  • 10/09/2022

ചെന്നൈ: വിവാഹ വേദിയില്‍ മുഹൂര്‍ത്ത സമയത്ത് താലിമാല തട്ടിപ്പറിച്ച് വധുവിന്റെ കഴുത്തില്‍ കെട്ടാന്‍ ശ്രമിച്ച് കാമുകന്‍. ചെന്നൈ സ്വദേശിയായ 24-കാരനാണ് കാമുകിയുടെ വിവാഹവേദിയിലെത്തി താലിമാല തട്ടിപ്പറിച്ചത്. ചെന്നൈ തൊണ്ടിയാര്‍പേട്ട് നേതാജി നഗറിലെ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വിവാഹത്തിലാണ് ഇത്തരമൊരു സംഭവം ഉണ്ടായത്.

അതുവരെ വേദിയ്ക്കരികെ നില്‍ക്കുകയായിരുന്ന 24-കാരന്‍, വിവാഹത്തിന് കാര്‍മികത്വം വഹിച്ച പൂജാരി താലിമാല വരന് കൈമാറുന്നതിന് തൊട്ടുമുമ്പാണ് ഇത് തട്ടിപ്പറിച്ചത്. കാമുകന്‍ യുവതിയുടെ കഴുത്തില്‍ താലി കെട്ടാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ ഇയാളെ തടയുകയും വേദിയ്ക്ക് പുറത്തേക്ക് കൊണ്ടുപോയി മര്‍ദിക്കുകയുമായിരുന്നു. എന്നാല്‍ ഇതോടെ വിവാഹവും മുടങ്ങി. ഹോട്ടല്‍ ജീവനക്കാരിയായ 20-കാരിയും മറൈന്‍ എന്‍ജിനീയറായ 21-കാരനും തമ്മിലായിരുന്നു വിവാഹം. 

രാവിലെ ഏഴുമണിയോടെയാണ് വിവാഹചടങ്ങുകള്‍ ആരംഭിച്ചത്. പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. താലി തട്ടിപ്പറിച്ച യുവാവ് വധുവിന്റെ കാമുകനാണെന്ന് പോലീസ് പറഞ്ഞു. ഇരുവരും രണ്ടുവര്‍ഷത്തോളം ചെന്നൈയിലെ ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലിചെയ്തിരുന്നു. ഇയാളും യുവതിയും പ്രണയത്തിലായിരുന്നു. ഇവരുടെ മാതാപിതാക്കള്‍ ഈ ബന്ധത്തെ അംഗീകരിച്ചില്ലെന്നും പോലീസ് വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുവീട്ടുകാരും ശ്രമം തുടരുകയാണെന്നും സംഭവത്തില്‍ ആരും പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

Related News