മോർഫ് ചെയ്ത ചിത്രം അയച്ചു, ഓൺലൈൻ വായ്പാ കമ്പനികളുടെ ഭീഷണി; മനംനൊന്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു

  • 10/09/2022

അമരാവതി: ഓൺലൈൻ വായ്പാ ആപ് കമ്പനികളുടെ ഭീഷണിയില്‍ മനംനൊന്ത് ആന്ധ്രാപ്രദേശിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. കൊല്ലി ദുർഗ റാവു, ഭാര്യ രമ്യ ലക്ഷ്മി എന്നിവരാണ് മരിച്ചത്. ദുര്‍ഗ റാവു പെയിന്ററും രമ്യ തയ്യല്‍ ജോലിക്കാരിയുമായിരുന്നു. 

രാജമഹേന്ദ്രവരത്തെ ശാന്തി നഗറിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ദമ്പതിമാര്‍ രണ്ട് ഓണ്‍ലൈന്‍ വായ്പ ആപ്പുകളില്‍നിന്ന് പണം വായ്പയെടുത്തിരുന്നു. ഓൺലൈൻ ആപിലൂടെ 30,000 രൂപയാണ് ഇവർ കടമെടുത്തത്.  മുഴുവന്‍ പണവും ഉടന്‍ അടയ്ക്കണമെന്നായിരുന്നു ആപ്പുകാര്‍ ആവശ്യപ്പെട്ടത്. ആപ്പുകാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതായും പരാതിയുണ്ട്. 

ഇത് തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് രമ്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ആപ്പ് കമ്പനിക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു. കഴിഞ്ഞദിവസം ഇവര്‍ രമ്യയുടെ മോര്‍ഫ് ചെയ്ത ചിത്രം വാട്‌സാപ്പിലൂടെ അയച്ചുനല്‍കി. ഇതിനു പിന്നാലെയാണ് ദമ്പതിമാര്‍ ആത്മഹത്യ ചെയ്തത്. വെസ്റ്റ് ഗോദാവരിയിലെ ഹോട്ടലില്‍ മുറിയെടുത്ത ശേഷം വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു.

ആറുവര്‍ഷം മുമ്പാണ് ദുര്‍ഗ റാവുവും രമ്യയും വിവാഹിതരായത്. നാലു വയസ്സുകാരി നാഗ സായിയും രണ്ടു വയസ്സുകാരി ലിഖിത ശ്രീയും മക്കളാണ്. സംഭവത്തിൽ വിശദ അന്വേഷണത്തിന് ആന്ധ്രാ സർക്കാർ നിർദേശം നൽകി. 


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

Related News