സ്വന്തം മണ്ഡലത്തിലെ കാര്യം നോക്കിയാല്‍ മതിയെന്ന് മഹുവാ മൊയ്ത്രക്ക് മമതയുടെ താക്കീത്

  • 10/09/2022


ബംഗാള്‍: തൃണമൂല്‍ സംഘടനാകാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ച തൃണമൂല്‍ കോണ്‍ഗ്രസിലെ സ്റ്റാര്‍ എംപി മഹുവ മൊയ്ത്രയ്ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ താക്കീത്. സ്വന്തം മണ്ഡലത്തിലെ കാര്യം നോക്കിയാല്‍ മതി എന്നാണ് മമത മഹുവ മൊയ്ത്രയോട് പറഞ്ഞത്. സ്വന്തം പാര്‍ലമെന്റ് മണ്ഡലത്തിലനപ്പുറം ഒരു ഇടപെടലും നടത്തരുതെന്ന ശക്തമായ താക്കീതാണ് മമത നല്‍കിയിരിക്കുന്നത്. മഹുവ മൊയ്ത്രയുടെ സ്വന്തം സ്ഥലവും മുന്‍ മണ്ഡലവും ഉള്‍പ്പെടുന്ന നദിയ ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലായിരുന്നു മമതയുടെ താക്കീത്.


2016-ല്‍ നാദിയ ജില്ലയിലെ കരിംപൂര്‍ മണ്ഡലത്തില്‍ നിന്നാണ് തൃണമൂല്‍ എംഎല്‍എയായി മൊയ്ത്ര തെരഞ്ഞെടുക്കപ്പെട്ടത്. 2019-ലെ തെരഞ്ഞെടുപ്പില്‍, കൃഷ്ണനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അവര്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.
'കരിംപൂര്‍ ഇനി മഹുവയുടെ അധികാരപരിധിയല്ല. അത് അബു താഹറിന്റെ കീഴിലാണ്.. അദ്ദേഹം അത് നോക്കിക്കൊള്ളും,'' ബാനര്‍ജി പറഞ്ഞു. ''നിങ്ങള്‍ നിങ്ങളുടെ ലോക്സഭാ സീറ്റ് നോക്കുക, ആ പ്രദേശത്തോട് ചേര്‍ന്നുനില്‍ക്കുക,'' മമത എംപിയോട് പറഞ്ഞു.

മൊയ്ത്രയെ മമത ശാസിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, ഒരു പാര്‍ട്ടി യോഗത്തിന്റെ വീഡിയോ വൈറലായിരുന്നു, അതില്‍ അവര്‍ യോഗത്തില്‍ ഇരിക്കുമ്പോള്‍ മൊയ്ത്രയെ ശകാരിക്കുന്നതും അവര്‍ നിശബ്ദമായി കേട്ടിരിക്കുന്നതും കാണാമായിരുന്നു.
''മഹുവാ, ഞാനിവിടെ ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. യൂട്യൂബ്, പേപ്പര്‍, ഡിജിറ്റല്‍ തുടങ്ങിയ മീഡിയയില്‍ അവതരിപ്പിക്കുന്നരാഷ്ട്രീയത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല''- ബംഗാള്‍ മുഖ്യമന്ത്രി മഹുവയോട് പറഞ്ഞു.
അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതിലൂടെ വാര്‍ത്തകളില്‍ ഇടംനേടുന്ന മഹുവ മൊയ്ത്ര, സ്വന്തം പാര്‍ട്ടി മേധാവിയുമായി പലപ്പോഴും കലഹങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 'മാംസാഹാരൃവും മദ്യവും കഴിക്കുന്ന, ബീഡി വലിക്കുന്ന' കാളിയുടെ പോസ്റ്ററിനെ അനുകൂലിക്കുന്ന അവരുടെ നിലപാടും പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിമര്‍ശനത്തിന് കാരണമായിരുന്നു.

Related News