വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരന്‍ മരിച്ച നിലയില്‍

  • 11/09/2022

ചെന്നൈ: വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തൂത്തുക്കുടി പൊട്ടല്‍ക്കാട് സ്വദേശി ജഗദീഷാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. ഉപ്പുനിര്‍മാണ കമ്പനിയിലെ ജീവനക്കാരനാണ് ഇയാള്‍.

ജഗദീഷിന്റെ വിവാഹമായിരുന്നു ശനിയാഴ്ച. രാവിലെ 6.30-നായിരുന്നു മുഹൂര്‍ത്തം. എന്നാല്‍ ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ബൈക്കുമായി പുറത്തുപോയ വരനെ പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ യുവാവിന്റേത് വാഹനാപകടമല്ലെന്നും കൊലപാതകമാണെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. 

അപകടം നടന്നതിന്റെ പരിക്കുകളോ മറ്റുതെളിവുകളോ കണ്ടെത്താനായില്ലെന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൂത്തുക്കുടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. 

Related News