സിനിമയില്‍ അവസരം തേടിയെത്തുന്ന യുവതികളെ ഉപയോഗിച്ച് അശ്ലീല വിഡിയോകള്‍; സംവിധായകനും സഹസംവിധായികയും പിടിയിൽ

  • 11/09/2022

സേലം: സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹവുമായെത്തുന്ന യുവതികളെ  ഉപയോഗിച്ച് അശ്ലീല ചിത്രം നിർമ്മിച്ച സംവിധായകനും സഹസംവിധായികയും അറസ്റ്റില്‍. സേലം എടപ്പാടി സ്വദേശിയായ സംവിധായകൻ വേല്‍സത്തിരന്‍, സഹസംവിധായിക വിരുദുനഗര്‍ രാജപാളയം സ്വദേശിനി ജയജ്യോതി എന്നിവരാണ് സൂരമംഗലം പോലീസിന്‍റെ പിടിയിലായത്. 

സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങള്‍ കണ്ടു വിളിക്കുന്ന യുവതികളെ പറഞ്ഞു വശീകരിച്ചു ക്യാമറകള്‍ക്ക് മുന്നിലെത്തിക്കുകയായിരുന്നു അറസ്റ്റിലായ സഹസംവിധായികയുടെ ജോലിയെന്നും പോലീസ് കണ്ടെത്തി. ചൂഷണത്തിനിരയായ മുഴുവന്‍ പേരെയും കണ്ടെത്താനായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. മുന്നൂറില്‍ അധികം യുവതികളുടെ അശ്ലീല ദൃശ്യങ്ങളാണ് സംവിധായകൻ പകർത്തിയത്. 

ഇവരുടെ അതിക്രമത്തിന് ഇരയായ യുവതി നല്‍കിയ പരാതിയിലായിരുന്നു പോലീസ് നടപടിയെടുത്തത്. സൂരമംഗലത്തെ എസ്.ബി.ഐ. ഓഫീസേഴ്‌സ് കോളനിയിലാണ് വേല്‍സത്തിരന്റെ 'ഗ്ലോബല്‍ ക്രിയേഷന്‍സ്' എന്ന സിനിമാ കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. 'നോ' എന്ന പേരില്‍ താന്‍ സിനിമ നിര്‍മിക്കുന്നുണ്ടെന്നും ഇതിനുവേണ്ടി നടിമാരെ ആവശ്യമുണ്ടെന്നും അറിയിച്ചാണ് ഇയാള്‍ സിനിമാമോഹമുള്ള യുവതികളെ വശീകരിച്ചിരുന്നത്. 

ഓഡിഷന് വിളിപ്പിക്കുന്ന യുവതികളെ കൊണ്ട് ഇയാള്‍ക്കൊപ്പം അടുത്തിടപഴകുന്ന സീനുകളും അശ്ലീലരംഗങ്ങളും അഭിനയിക്കാന്‍ ആവശ്യപ്പെടും. ദേശീയ പുരസ്‌കാരം ലക്ഷ്യമിട്ടുള്ള സിനിമയാണിതെന്നും അതിനാലാണ് ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതെന്നുമാണ് നല്‍കിയിരുന്ന വിശദീകരണം. പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് യുവതികളെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി ചൂഷണം ചെയ്യുന്നതുമായിരുന്നു പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. 
 

Related News