വികസന കുതിപ്പിന് സ്വകാര്യ മേഖലയെ ഒപ്പം കൂട്ടി യുഎഇ; പിപിപി പദ്ധതി പ്രഖ്യാപിച്ചു

  • 12/09/2022




അബുദാബി: സാമ്പത്തിക വികസനത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് വർധിപ്പിക്കുന്നതിന് യുഎഇ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) നിയമം പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

വികസന, സാമ്പത്തിക, സാമൂഹിക പദ്ധതികളിൽ ഏർപ്പെടാൻ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സ്വകാര്യ പങ്കാളിത്തത്തോടെ പൊതു സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുക, തന്ത്രപ്രധാന പദ്ധതികളിൽ പങ്കാളിയാക്കുക, പ്രാദേശിക, രാജ്യാന്തര പദ്ധതികളുടെ മത്സരക്ഷമത വർധിപ്പിക്കുക എന്നിവയാണ് പിപിപി നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

കോവിഡിന്റെ പ്രത്യാഘാതങ്ങളെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ രാജ്യം മറികടന്നതു വിശദീകരിച്ച ഷെയ്ഖ് മുഹമ്മദ്, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കോവിഡിനു മുൻപത്തേക്കാൾ ഉയർന്നതായും ചൂണ്ടിക്കാട്ടി. ആഗോള വ്യാപാരം ഇതുവരെ ശക്തിപ്പെട്ടില്ലെങ്കിലും യുഎഇയുടെ സമ്പദ്‌വ്യവസ്ഥ ശക്തി പ്രാപിച്ചതായും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

യുഎഇയുടെ വിദേശ വ്യാപാരം 2022ന്റെ ആദ്യ പകുതിയിൽ ഒരു ട്രില്യൺ ദിർഹം കവിഞ്ഞു. കോവിഡിന് മുൻപ് 840 ബില്യൺ ദിർഹമായിരുന്നു. ഊർജം, വാണിജ്യ, വ്യാപാര, നിക്ഷേപം തുടങ്ങി സമസ്ത മേഖലകളിലും വളർച്ചയുണ്ട്. കോവി‍ഡിനെ ഫലപ്രദമായി നേരിട്ട യുഎഇയിലേക്കു സഞ്ചാരികളുടെ തിരക്കായിരുന്നു.

ശൈത്യകാല ടൂറിസത്തിലൂടെ യുഎഇയിലെത്തുന്ന  വിനോദസ‍ഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയാണ് പ്രതീക്ഷിക്കുന്നതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഖത്തർ ലോകകപ്പ് ദുബായിലും അബുദാബിയിലും വലിയ കുതിപ്പുണ്ടാക്കും. നവംബർ, ഡിസംബർ മാസങ്ങളിൽ ഹോട്ടലുകൾ താമസക്കാർ നിറയുമെന്നും സൂചിപ്പിച്ചു.

Related News