വിദേശ ടീ ഷര്‍ട്ട് ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ്

  • 13/09/2022

ദില്ലി: രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കിടെ ധരിച്ച ടി-ഷര്‍ട്ടിന്റെ വിലയെ കുറിച്ചുള്ള ബിജെപി വിമര്‍ശനത്തിന് മറുപടിയുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മഫ്‌ളറിന് 80,000 രൂപയാണെന്നും ബി.ജെ.പി. നേതാക്കള്‍ 2.5 ലക്ഷം രൂപയുടെ സണ്‍ഗ്ലാസുകളാണ് ധരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ഭാരത് ജോഡോ യാത്രയ്ക്ക് ജനങ്ങളില്‍നിന്ന് ലഭിക്കുന്ന അസാധാരണ പിന്തുണയില്‍ കേന്ദ്ര സര്‍ക്കാര്‍ ആശങ്കയിലാണ്. എന്തിനാണു യാത്രയെപ്പറ്റി ഇത്ര ആശങ്ക? അവര്‍ രാഹുലിന്റെ ടി ഷര്‍ട്ടിനെ കുറിച്ചാണു പറയുന്നത്. 2.5 ലക്ഷത്തിന്റെ സണ്‍ഗ്ലാസുകള്‍ ധരിക്കുന്നവരാണ് ഇതുപറയുന്നത് എന്നോര്‍ക്കണം.'


'കേന്ദ്ര ആഭ്യന്തരമന്ത്രി ധരിക്കുന്ന മഫ്ലറിന് 80,000 രൂപയാണ് വില. അവര്‍ ടി ഷര്‍ട്ടിനെ രാഷ്ട്രീയവത്കരിക്കുകയാണ്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റ് നേതാക്കളും ജോലി ഉപേക്ഷിച്ച് രാഹുലിനെ ആക്രമിക്കുന്നു' ഗെലോട്ട് പറഞ്ഞു.

കഴിഞ്ഞയാഴ്ച കന്യാകുമാരിയില്‍നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി ധരിച്ച ടി-ഷര്‍ട്ടാണ് ബിജെപി ആയുധമാക്കിയത്. രാഹുല്‍ ധരിച്ച ടി ഷര്‍ട്ടിന്റെ വില 41,000 രൂപ ആണെന്ന് ബിജെപി ആരോപിച്ചിരുന്നു. രാഹുല്‍ ടി ഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന ചിത്രവും അതിനു സമാനമായ ടി ഷര്‍ട്ടിന്റെ വില ഉള്‍പ്പെടുന്ന ചിത്രവും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ബിജെപി പങ്കുവച്ചത്.

 

Related News