രണ്ടാം ഭാര്യയെ ജീവനോടെ കത്തിച്ച് ചാരം കടലിലൊഴുക്കി ഭര്‍ത്താവ്, കാണാനില്ലെന്ന് പരാതി നല്‍കി

  • 13/09/2022

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ടാം ഭാര്യയെ ജീവനോടെ കത്തിച്ച ശേഷം ചാരം കടലിലൊഴുക്കിയ ശിവസേന നേതാവിനെ അറസ്റ്റ് ചെയ്തു. ഭായ് സാവന്ത് എന്ന് വിളിക്കുന്ന സുകാന്ത് സാവന്ത് (47) ആണ് അറസ്റ്റിലായത്. 
രത്നഗിരി പഞ്ചായത്ത് സമിതിയുടെ മുൻ പ്രസിഡന്റായ 35 കാരി സ്വപ്നാലിയെയാണ് സുകാന്തും കൂട്ടാളികളും ചേര്‍ന്ന് ജീവനോടെ തീക്കൊളുത്തി കൊലപ്പെടുത്തിയത്.  

കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഇവര്‍ സ്വപ്നാലിയെ കൊന്നത്. കൊലപാതകത്തിന്‍റെ തെളിവുകൾ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ ഇയാൾ മൃതദേഹം കത്തിച്ചതിന്റെ ചാരം കടലിൽ ഒഴുക്കുകയും ചെയ്തു. സുകാന്തിന്‍റെ സഹായികളായ റുപേഷ് എന്ന ഛോട്ടാ സാവന്ത് (43), പ്രമോദ് എന്ന പമ്യ ഗവ്നാംഗ് (33) എന്നിവരെയും പോലീസ് പിടികൂടി. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

ഓഗസ്റ്റ് 31ന് ഗണേശ ചതുര്‍ത്ഥി ദിവസമാണ് ക്രൂരമായ കൊലപാതകം നടന്നത്. സുകാന്തിന്റെ വസ്തുവിലിട്ട് സ്വപ്നാലിയെ ഇവര്‍ ജീവനോടെ പെട്രോൾ ഒഴിച്ച് കത്തിച്ചു. തുടര്‍ന്ന് ചാരം കടലിലൊഴുക്കിയെന്നും രത്നഗിരി പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇയാള്‍ ഭാര്യയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി. സെപ്തംബര്‍ 10ന് സ്വപ്നാലിയുടെ അമ്മ സംഗീത മകളുടെ തിരോധാനത്തിൽ മരുമകൻ സുകാന്തിന് ബന്ധമുണ്ടെന്ന ആരോപണവുമായി രംഗത്തെത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്നാലിയെ കൊലപ്പെടുത്തിയ വിവരം സുകാന്ത് സമ്മതിച്ചത്. മൂന്നു പ്രതികളെയും സെപ്തംബര്‍ 19 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 

Related News