റോബിന്‍ ഉത്തപ്പ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

  • 14/09/2022

കര്‍ണാടക: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് റോബിന്‍ ഉത്തപ്പ. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് 36കാരനായ താരം കളി മതിയാക്കുന്നതായി അറിയിച്ചത്. വിരമിക്കല്‍ പ്രഖ്യാപിച്ച് താരം ട്വിറ്ററില്‍ നീണ്ട കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ദേശീയ ജഴ്‌സിയില്‍ 46 ഏകദിനങ്ങളും 13 ടി-20കളും കളിച്ചിട്ടുള്ള ഉത്തപ്പ 2007 ടി-20 ലോകകപ്പ് ടീമില്‍ അംഗമായിരുന്നു. ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ചില ശ്രദ്ധേയ പ്രകടനങ്ങളും താരം നടത്തി.

2006ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ഉത്തപ്പ രാജ്യാന്തര കരിയര്‍ ആരംഭിച്ചത്. ഓപ്പണറായി കളത്തിലെത്തിയ ഉത്തപ്പ ആ കളിയില്‍ 86 റണ്‍സെടുത്ത് റണ്ണൗട്ടാവുകയായിരുന്നു. പേസര്‍മാര്‍ക്കെതിരെ നടന്നുവന്ന് ഷോട്ടുകള്‍ കളിക്കുന്നത് ഉത്തപ്പയ്ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു. കര്‍ണാടക സ്വദേശിയായ താരം 2019 മുതല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനു വേണ്ടിയാണ് കളിച്ചിരുന്നത്. പാതിമലയാളിയായ ഉത്തപ്പ കേരളത്തെ ഒരു സീസണില്‍ നയിക്കുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പൂനെ വാരിയേഴ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നീ ഐപിഎല്‍ ടീമുകള്‍ക്ക് വേണ്ടിയും ഉത്തപ്പ കളിച്ചു. കൊല്‍ക്കത്തയുടെ ഏറ്റവും മികച്ച താരങ്ങളില്‍ പെട്ടയാളാണ് ഉത്തപ്പ. ടീമിനായി നിരവധി മികച്ച ഇന്നിംഗ്‌സുകള്‍ താരം കളിച്ചിട്ടുണ്ട്.


ആഭ്യന്തര ക്രിക്കറ്റില്‍ തുടരെ മോശം പ്രകടനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ദേശീയ ടീമില്‍ ഇടം ലഭിക്കാതിരുന്നതിനാല്‍ ആത്മഹത്യയെപ്പറ്റി ഉത്തപ്പ ഒരിക്കല്‍ ചിന്തിച്ചിരുന്നു. പിന്നീട് ബാറ്റിംഗ് ടെക്‌നിക്ക് മാറ്റിയാണ് താരം തന്റെ കരിയര്‍ തിരിച്ചുപിടിച്ചത്.

Related News