കല കുവൈറ്റ് “മാനവീയം 2022”, ഒക്ടോബർ 14 ന് : കെ.കെ.ശൈലജ ടീച്ചർ മുഖ്യാഥിതി

  • 09/10/2022


കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവ്വേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്‍റെ ഈ വര്‍ഷത്തെ മെഗാ സാംസ്‌കാരിക മേള “മാനവീയം 2022”ന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കല കുവൈറ്റ് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

2022 ഒക്ടോബർ 14, വെള്ളിയാഴ്ച്ച ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സാംസ്‌കാരിക മേളയില്‍ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും, മുൻ ആരോഗ്യ മന്ത്രിയുമായിരുന്ന കെ.കെ.ശൈലജ ടീച്ചർ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകുന്നേരം 4 മണി മുതല്‍ സാംസ്കാരിക സമ്മേളനത്തോടെയാണ് 'മാനവീയം 2022' ആരംഭിക്കുന്നത്. കല കുവൈറ്റിന്‍റെ നേതൃത്വത്തല്‍ നടത്തിയ സാഹിത്യ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും പരിപാടിയില്‍ വെച്ച് നിര്‍വ്വഹിക്കും.

കണ്ണൂർ ഷെരീഫ്, പ്രസീത ചാലക്കുടി, ആഷിമ മനോജ്, അനൂപ് കോവളം എന്നിവര്‍ ഉള്‍പ്പെടുന്ന ഗായക സംഘവും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്നുണ്ട്. കുവൈറ്റിലെ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളും പരിപാടിയുടെ ഭാഗമായി നടക്കും. സാംസ്കാരിക സമ്മേളനത്തിലും, തുടര്‍ന്നുള്ള കലാ മേളയിലും കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, മാധ്യമ പ്രവര്‍ത്തകരും സംബന്ധിക്കും.

കോവിഡ് മഹാമാരിയ്ക്ക് ശേഷം രണ്ട് വർങ്ങൾക്കിപ്പുറമാണ് മെഗാ സാംസ്‌കാരിക മേള നേരിട്ട് നടക്കുന്നത്. കഴിഞ്ഞ രണ്ട് വർഷക്കാലം മുഖ്യമായും സാമൂഹിക പ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ചാണ് കലയുടെ പ്രവർത്തനങ്ങൾ നടന്നത്. ജോലിയും, ശമ്പളവും ലഭിക്കാതെ കഷ്ടതയനുഭവിച്ചവർക്ക് ഭക്ഷണകിറ്റുകൾ നൽകിയും, രോഗികൾക്ക് മരുന്ന് എത്തിച്ച് നൽകിയും കൈത്താങ്ങാകാൻ കലയ്ക്ക് കഴിഞ്ഞു. നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ ഫ്‌ളൈറ്റുകൾ ഇല്ലാതായ സാഹചര്യത്തിൽ, 9 ചാർട്ടഡ് ഫ്‌ളൈറ്റുകളിലായി 3000 ഓളം ആളുകളെ നാട്ടിലെത്തിക്കുന്നതിന് കലയ്ക്ക് കോവിഡ് കാലത്ത് സാധിച്ചു. കോവിഡ് മഹാമാരിയ്ക്ക് ശേഷം നടക്കുന്ന ഈ കലാ-സാംസ്‌കാരിക മേളയിലേക്ക് കുവൈറ്റിലെ മുഴുവൻ മലയാളി സമൂഹത്തേയും ക്ഷണിക്കുകയാണ്.

അബ്ബാസിയ കല സെന്ററിൽ വെച്ച് നടന്ന പത്ര സമ്മേളനത്തിൽ കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് , ജനറൽ സെക്രട്ടറി ജെ സജി ,ട്രഷറർ അജ്നാസ് ,ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ്‌ ,വൈസ് പ്രസിഡണ്ട് ശൈമേഷ് , സ്വാഗതസംഘം ജനറൽ കൺവീനർ അനൂപ് മങ്ങാട്ട്, മീഡിയ സെക്രട്ടറി ശ്രീജിത്ത് കെ എന്നിവർ പങ്കെടുത്തു.

Related News