അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ; അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതെന്ന് നിഗമനം

  • 22/11/2022

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് വീടിനുള്ളില്‍ അമ്മയുടെയും മകന്‍റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പാലപ്പുറം സ്വദേശി സരസ്വതിയമ്മ, മകൻ വിജയകൃഷ്ണൻ എന്നിവരാണ് മരിച്ചത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയെന്നാണു നിഗമനം.

വിജയകൃഷ്ണന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. രാവിലെ 9.15 ഓടെ സരസ്വതിയമ്മയുടെ ചെറിയ മകൻ വീട്ടിലെത്തിയപ്പോഴാണ് വിജയകൃഷ്ണനും അമ്മയും മരിച്ച് കിടക്കുന്നതായി കണ്ടത്. അമ്മയെ കഴുത്തിൽ ആഴമേറിയ മുറിവേറ്റ നിലയിലും മകനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

കിടപ്പുമുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി വിജയകൃഷ്ണനും സരസ്വതിയമ്മയും മാത്രമാണ് താമസം. ഒറ്റപ്പാലം പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

Related News