മദ്യത്തിന് 4 ശതമാനം വില്പ്പന നികുതി; തീരുമാനമെടുത്ത് മന്ത്രിസഭാ യോഗം

  • 23/11/2022

തിരുവനന്തപുരം: കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന മദ്യത്തിനുള്ള വിറ്റുവരവു നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മദ്യ ഉത്പാദനം നിര്‍ത്തിവച്ച്‌ സമരത്തിലായിരുന്ന ഡിസ്റ്റലറി ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ഡിസ്റ്റലറി ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 5 ശതമാനം വിറ്റുവരവു നികുതി സര്‍ക്കാര്‍ പിന്‍വലിച്ചു. വിറ്റു വരവ് നികുതി പിന്‍വലിക്കുന്നതിലൂടെ ഖജനാവിനുണ്ടാകുന്ന 170 കോടിയുടെ വരുമാന നഷ്ടം ഒഴിവാക്കാന്‍ മദ്യത്തിന് 4 ശതമാനം വില്പ്പന നികുതി ഏര്‍പ്പെടുത്താന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.

മദ്യത്തിന്റെ നിലവിലെ ചില്ലറവില്‍പ്പന വിലയില്‍ രണ്ടു ശതമാനത്തിന്റെ വര്‍ധനയുണ്ടാകും. ഉത്പാദന ചെലവ് ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ മദ്യ കമ്ബനികള്‍ക്കുള്ള 5 ശതമാനം വിറ്റുവരവു നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ 14 ഡിസ്റ്റലറികളും മദ്യ ഉത്പാദനം നിര്‍ത്തി വച്ചത്. ഇത് കേരളത്തിലെ മദ്യ ലഭ്യതയെ കാര്യമായി ബാധിച്ചിരുന്നു.

വില കുറഞ്ഞ ജന പ്രിയ ബ്രാന്‍ഡുകള്‍ക്ക് കടുത്ത ക്ഷാമമാണ് കഴിഞ്ഞ ഒരു മാസത്തിലധികമായി സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്നത്. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍ ബിയര്‍ മാത്രം ലഭിക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഇത് സംസ്ഥാനത്ത് വ്യാജമദ്യ ലഭ്യതയ്ക്കും മദ്യ ദുരന്തത്തിനും ഇടയാക്കുമെന്ന് എക്‌സൈസ് ഇന്റലിജന്‍സ് സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയിരുന്നു.

സ്പിരിറ്റ് ലിറ്ററിന് 74 രൂപയായി വര്‍ധിക്കുകയും ഡിസ്റ്റലറികളില്‍ മിനിമം വേതനം നടപ്പാക്കുകയും ചെയ്ത സാഹചര്യത്തില്‍ നഷ്ടം സഹിച്ച്‌ മുന്നോട്ടു പോകാനാകില്ലെന്നും വിറ്റുവരവ് നികുതി ഒഴിവാക്കണമെന്നും മദ്യ കമ്ബനികള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

Related News