ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കും, അതിൽ എന്താണ് വിവാദം: ശശി തരൂർ

  • 23/11/2022

തിരുവനന്തപുരം: താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ എങ്ങനെയാണ് ഇത്ര വലിയ വിവാദമാകുന്നതെന്ന് മനസിലാകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുമെന്നും ആരെയും ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷണം കിട്ടിയ പരിപാടികളിലാണ് താന്‍ പങ്കെടുക്കുന്നത്. പാര്‍ട്ടി അനുകൂല സംഘടനകളുടെ ക്ഷണങ്ങള്‍ ഒഴിവാക്കുകയാണോ വേണ്ടതെന്നും തരൂര്‍ ചോദിച്ചു.


സമയമുള്ളപ്പോഴെല്ലാം കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. മലബാര്‍ ഭാഗത്തേക്ക് വരുന്നില്ലെന്ന് പലരും പരാതി പറഞ്ഞു. അതിനെ തുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ഏതാനും ദിവസങ്ങള്‍ മലബാറിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് വേദികളിലും കോണ്‍ഗ്രസിന് എതിരല്ലാത്ത വേദികളിലുമാണ് പങ്കെടുത്തത്. അതില്‍ എന്താണ് വിവാദമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 14 വര്‍ഷമായി പാര്‍ട്ടിയിലെ ഒരു ഗ്രൂപ്പിലും താന്‍ ഉണ്ടായിട്ടില്ല. ഇതുവരെ ഒരു ഗ്രൂപ്പ് യോഗത്തിലും പങ്കെടുത്തിട്ടുമില്ല. ഇനി ഒരു ഗ്രൂപ്പ് ഉണ്ടാക്കാനും പോകുന്നില്ല. എല്ലാവരേയും കോണ്‍ഗ്രസുകാരായാണ് കാണുന്നത്. മന്നം ജയന്തിക്ക് ക്ഷണിച്ചത് അംഗീകാരമായാണ് കാണുന്നത്. മന്നം ജയന്തിക്ക് താന്‍ പോയാല്‍ ആര്‍ക്കാണ് ദോഷമെന്നും അദ്ദേഹം ചോദിച്ചു. 2024ല്‍ മത്സരിക്കുമോയെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും തരൂര്‍ പറഞ്ഞു

Related News