വീടിന്‍റെ ടെറസിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവ് അറസ്റ്റില്‍

  • 23/11/2022

കൊച്ചി: വീടിന്‍റെ ടെറസിൽ ചെടിച്ചട്ടിയില്‍ കഞ്ചാവ് കൃഷി ചെയ്ത യുവാവ് അറസ്റ്റില്‍. എറണാകുളം വടക്കേക്കരയിലെ വീട്ടിലായിരുന്നു ടെറസിലെ കഞ്ചാവ് കൃഷി. സിജോ എന്നയാളാണ് അറസ്റ്റിലായത്. വടക്കേക്കര ഇൻസ്പെക്ടർ വി.സി. സൂരജിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

രണ്ട് പ്ലാസ്റ്റിക് പാത്രങ്ങളിലായി വിൽപ്പന ആവശ്യത്തിനായി കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ നിലയിലായിരുന്നു. ടെറസിന് മുകളിൽ മണലും ആട്ടിൻ കാഷ്ടവും നിറച്ച രണ്ട് പ്ലാസ്റ്റിക് പാത്രങ്ങളിലായാണ് ഒമ്പത് കഞ്ചാവ് ചെടികൾ നനച്ചു വളർത്തിയത്. ഒരു ചെടി വെട്ടി ഇലകൾ സമീപത്ത് ഒരു സ്റ്റീൽ പാത്രത്തിൽ ഉണക്കാനും വച്ചിരുന്നു.

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നതിനും സ്വന്തം ആവശ്യത്തിനുമായാണ് കഞ്ചാവ് നട്ടു വളർത്തുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കഞ്ചാവ് ചെടിയും ഉണക്കിയ കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.  

Related News