കത്ത് വിവാദം: കൂടുതൽ നഗരസഭ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്

  • 24/11/2022

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ കൂടുതൽ നഗരസഭ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്. സാങ്കേതിക പരിശോധന ഉൾപ്പടെ വരും ദിവസങ്ങളിലുണ്ടാകും.അതേ സമയം നഗരസഭയ്ക്ക് മുൻപിലെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ഇന്നും തുടരും. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം മേയറുടെയും നഗരസഭ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

കത്ത് നിർമ്മിച്ചത് നഗരസഭയിൽ നിന്നാണോ എന്ന് കണ്ടെത്താനാണു കൂടുതൽ നഗരസഭ ജീവനക്കാരുടെ മൊഴി എടുക്കുന്നത്. ലെറ്റർ പാഡ് മേയറുടെ ഓഫീസിൽ നിന്ന് കൈക്കലാക്കിയോ എന്ന് സ്ഥിരീകരിക്കുക കൂടി ക്രൈം ബ്രാഞ്ച് ലക്ഷ്യം വെയ്ക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി ആർ അനിലിന്റെയും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴി ഉടൻ രേഖപ്പെടുത്തും.

കമ്പ്യുട്ടറുകളും പരിശോധിക്കും.കത്ത് പ്രചരിച്ചത് വാട്സാപ്പിലൂടെ ആയതിനാൽ കോടതിയുടെ അനുമതിയോടെ ശാസ്ത്രീയ പരിശോധനകൾക്കും ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്.അതേ സമയം പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കുകയാണ്. യുവമോർച്ചയും കെ എസ് യുവും ഇന്ന് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ചു നടത്തും.

Related News