മരുമകൻ 108 കോടി രൂപയും ആയിരം പവനും തട്ടിയെടുത്തു; പരാതിയുമായി പ്രവാസി വ്യവസായി

  • 25/11/2022

ആലുവ: മരുമകൻ 108 കോടിയിലധികം രൂപയും ആയിരം പവനും തട്ടിയെടുത്തെന്ന് പരാതി നല്‍കി പ്രവാസി മലയാളി വ്യവസായി. യു.എ.ഇ.യിൽ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന, ആലുവ തൈനോത്തിൽ റോഡിൽ അബ്ദുൾ ലാഹിർ ഹസൻ ആണ് മരുമകനെതിരെ പരാതി നല്‍കിയത്.

കാസർകോട് സ്വദേശിയായ മരുമകൻ മുഹമ്മദ് ഹാഫിസ് പലപ്പോഴായി തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തെന്നാണ് പരാതി. പരാതിയിൽ അന്വേഷണം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. വിവിധ പദ്ധതികളെക്കുറിച്ചു പറഞ്ഞ് നാല് വർഷത്തിനിടെ 108 കോടി രൂപ തട്ടിയെടുത്തെന്നാണ് പോലീസിൽ നൽകിയ പരാതിയിലുള്ളത്. 

അഞ്ച് വർഷം മുമ്പാണ് അബ്ദുൾ ലാഹിർ ഹസൻറെ മകളും ഹാഫിസുമായുള്ള വിവാഹം നടന്നത്. തന്റെ കമ്പനിയിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടന്നുവെന്നു പറഞ്ഞ് പിഴയടയ്ക്കാനെന്ന മട്ടിൽ 3.9 കോടി രൂപ വാങ്ങിയാണ് ഇയാള്‍ തട്ടിപ്പിന്റെ തുടക്കമിട്ടത്.  

പിന്നീട് ബെംഗളൂരുവിൽ കെട്ടിടം വാങ്ങാൻ പണം നൽകിയെങ്കിലും വ്യാജരേഖ നൽകി കബളിപ്പിച്ചു. ബോളിവുഡ് താരം സോനം കപൂറിനെന്ന പേരിൽ 35 ലക്ഷം രൂപയോളം ചെലവാക്കി വസ്ത്രം ഡിസൈന്‍ ചെയ്യിപ്പിച്ച് ബൊട്ടീക് ഉടമയായ തന്റെ ഭാര്യയെയും കബളിപ്പിച്ചെന്ന് വ്യവസായി പരാതിയില്‍ പറയുന്നു. വിവാഹത്തിനു നൽകിയ 1000 പവൻ സ്വർണവും വജ്രവുമടങ്ങുന്ന ആഭരണങ്ങളും വിറ്റു. 1.5 കോടി രൂപയുടെ കാറും കോടികളുടെ കെട്ടിടങ്ങളും തട്ടിയെടുത്തു.

പണം വാങ്ങുന്നതിനായി ഹാഫിസ് നൽകിയ ബിരുദ സർട്ടിഫിക്കറ്റും മറ്റ് രേഖകളുമെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. മുഹമ്മദ് ഹാഫിസിനെതിരേ ആലുവ ഡിവൈ.എസ്.പി.ക്ക്‌ ഓഗസ്റ്റിൽ പരാതിയും തെളിവുകളും നൽകിയെങ്കിലും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ലെന്ന് അദ്ദേഹം ആരോപിച്ചു. പിന്നീടാണ് എ.ഡി.ജി.പി.ക്ക്‌ പരാതി നൽകിയത്. തുടർന്നാണ് കേസന്വേഷണം ആലുവ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

 

Related News