യാത്രക്കാരന്‍റെ വയറ്റില്‍ മൂന്ന് കാപ്സ്യൂളുകള്‍; വിമാനത്താവളത്തില്‍ പിടികൂടിയത് 30 ലക്ഷത്തിന്‍റെ സ്വര്‍ണം

  • 25/11/2022

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനില്‍ നിന്ന് 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. വെള്ളിയാഴ്ച ദുബായിൽ നിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റഫീഖി (30)ൽ നിന്നാണ് സ്വർണം പിടികൂടിയത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി മൂന്ന് കാപ്സ്യൂളുകളായി വയറ്റിലൊളിപ്പിക്കുകയായിരുന്നു. 

ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. 570 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ റഫീഖിനെ പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ബന്ധുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകുന്ന വഴി സീറോ പോയിന്‍റില്‍ വെച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചില്ല. തുടർന്ന് ഇയാളുടെ ശരീരവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണം കണ്ടെത്താനായില്ല. പിന്നീട് റഫീഖിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യപരിശോധന നടത്തുകയായിരുന്നു. എക്സറേ പരിശോധനയില്‍ റഫീഖിന്റെ വയറിനകത്ത് മൂന്ന് കാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.
 

Related News