ഡോ.സിസ തോമസിനെ നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി

  • 28/11/2022

കെടിയു താൽക്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സിസ തോമസിനെ നിയമിച്ചത് സദുദ്ദേശത്തോടെയാണെന്നാണ് ഗവർണറുടെ നിലപാട്. എന്നാൽ തങ്ങളുടെ അധികാരം മറികടന്ന് ചാൻസലറായ ഗവർണർ നിയമനം നടത്തിയെന്നാണ് സർക്കാറിന്റെ വാദം.

കെ.ടി യു താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിൽ ഉച്ചയ്ക്ക് 1.45നാണ് സിംഗിൾ ബഞ്ച് വിധി പറയുക. സിസ തോമസിനെ നിയമിച്ചത് സദുദ്ദേശത്തോടെയാണെന്നും സർക്കാർ നിർദ്ദേശിച്ചവർക്ക് യോഗ്യതയില്ലെന്നും ഗവർണ്ണറുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം വാദത്തിനിടെ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ 3 ശുപാർശകളും തള്ളപ്പെട്ടാൽ സ്വന്തം നിലയ്ക്ക് ചാൻസലർക്ക് നടപടി എടുക്കാമെന്നും ഗവർണ്ണർ വ്യക്തമാക്കിയിട്ടുണ്ട്. സീനിയോറിറ്റിയിൽ സിസ തോമസ് നാലാം സ്ഥാനത്തായിരുന്നുവെന്നാണ് ചാൻസലറായ ഗവർണറുടെ വാദം. എന്നാൽ സീനിയോറിറ്റിയിൽ സിസയുടെ സ്ഥാനം പത്താമതാണെന്നറിയിച്ച സർക്കാർ ശുപാർശകൾ എന്ത് കൊണ്ട് തള്ളപ്പെട്ടുവെന്ന് ചാൻസലർ വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. 

അതേ സമയം പത്ത് വർഷം പ്രൊഫസർ തസ്തികയിലുള്ള അധ്യാപന പരിചയം, അക്കാദമിക വിദഗ്ധൻ എന്നീ മാനദണ്ഡങ്ങൾ താൽകാലിക വി.സി നിയമനത്തിൽ ബാധകമാണെന്നാണ് യു.ജി.സിയുടെ നിലപാട്. പ്രൊ.വി.സി സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റിന് വിലയില്ലെന്നും പ്രോ വി.സി യ്ക്ക് വി.സിയുടെ അധികാരം നൽകാനാകില്ലെന്നും യു.ജി.സി നിലപാടെടുത്തിരുന്നു. അതേസമയം വിദ്യാർത്ഥികളുടെ ഭാവിക്കാണ് പ്രഥമ പരിഗണനയെന്ന് പറഞ്ഞ കോടതി വി.സി നിയമന തർക്കം അനാവശ്യമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Related News